ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ചു നടന്ന മയിൽ വാഹനമെഴുന്നള്ളത്ത് ഭക്തർക്ക് ദർശന പുണ്യമായി. തങ്കത്തിരുവാഭരണവും അലങ്കാരങ്ങളും ചാർത്തി ഭഗവാൻ മയിൽ വാഹനത്തിൽ എഴുന്നള്ളിയപ്പോൾ ക്ഷേത്രവും പരിസരവും സുബ്രഹ്മണ്യ സ്തുതികളാൽ മുഖരിതമായി. 

താളമേളങ്ങളുടെ അകമ്പടിയോടെ മയിൽവാഹനം  എഴുന്നള്ളത്ത് ക്ഷേത്രത്തിനു മൂന്നു പ്രദക്ഷിണം വച്ചു. ഇൗ സമയം തങ്കക്കുടത്തിൽ കാണിക്ക അർപ്പിക്കാൻ ധാരാളം  ഭക്തർ എത്തിയിരുന്നു. മയിൽ വാഹനമെഴുന്നള്ളത്തിനു ശേഷം ക്ഷേത്രാങ്കണം  കാർത്തികവിളക്കിന്റെ ശോഭയിലായി. ഹരിപ്പാട് എക്സൈസ് വകുപ്പിന്റെ കർപ്പൂരദീപക്കാഴ്ച നടന്നു. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി സമുച്ചയത്തിൽ കാർത്തിക വിളക്ക് തെളിച്ചു. 

കച്ചേരി ജംക്‌ഷനിൽ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും പ്രത്യേകം ദീപക്കാഴ്ചകൾ ഒരുക്കിയിരുന്നു.  എഴിക്കകത്ത് ജംക്‌ഷനിൽ ചുമട്ട് തൊഴിലാളികളുടെ ദീപക്കാഴ്ചയും പായസവിതരണവും നടന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിച്ചതോടെ  നാട് കാർത്തിക വിളക്കിന്റെ ശോഭയിലമർന്നു.  

രാവിലെ തിരുവാഭരണം ചാർത്തി പന്തീരടി പൂജകൾക്ക് ശേഷം ആനപ്പുറത്ത് പ്രഭാത ശ്രീബലി നടന്നു.   ഉദയാസ്തമന പൂജ കാർത്തിക ഉത്സവത്തിന്റെ പ്രത്യേകതയായിരുന്നു. ഉച്ചയ്ക്ക് ഹരിപ്പാട് ബ്രാഹ്മണ സമൂഹം വക കളഭാഭിഷേകവും ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഉപദേശക സമിതിയുടെ സഹകരണത്തോടെ കാർത്തിക സദ്യയും നടന്നു.

രാത്രിയിൽ  ശ്രീഭൂതബലി ,ആനപ്പുറത്ത് അത്താഴ ശ്രീബലി എഴുന്നള്ളത്ത്, വലിയ കാണിക്ക എന്നിവയ്ക്കുശേഷം നട അടച്ചു. തന്ത്രിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി, കിഴക്കേ പുല്ലാംവഴി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com