ADVERTISEMENT

കലവൂർ ∙ നൂറ് വർഷത്തിലേറെ പഴക്കമുള്ള വലിയ ആൽമരം 20 മീറ്ററോളം അകലെ മാറ്റി നട്ടു. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുറിച്ചു മാറ്റേണ്ടിവരുമായിരുന്ന മരമാണ് വനംവകുപ്പിന്റെയും ദേശീയപാത വിഭാഗത്തിന്റെയും നേതൃത്വത്തിൽ യന്ത്രങ്ങളുടെ സഹായത്തോടെ പിഴുതെടുത്ത് മാറ്റി നട്ടത്. 

തിങ്കളാഴ്ച തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. കലക്ടർ വി.ആർ.കൃഷ്ണതേജയും സ്ഥലത്തെത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറിയകലവൂർ ക്ഷേത്രത്തിന് മുന്നിലെ മരമാണ് മാറ്റി നട്ടത്. ദേശീയപാത വികസനത്തിന് മരം മുറിക്കുന്നതിന് പകരം 5 വലിയ മരങ്ങളെങ്കിലും മാറ്റി നടുവാനാണ് ദേശീയപാത വിഭാഗം ആലോചിക്കുന്നത്.

ഇതിൽ ആദ്യത്തെ മാറ്റിനടലാണിത്. ചെറിയ കലവൂർ ക്ഷേത്രകുളത്തിന് കിഴക്ക് വടക്കേ മൂലയിലേക്കാണ് ഇന്നലെ മാറ്റി നട്ടത്. ജില്ലാ ഫോറസ്റ്റ് ഓഫിസർ കെ.സജി, ഡപ്യൂട്ടി കലക്ടർ ചന്ദ്രശേഖരൻ നായർ, വി.സജീവ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രഫ.കെ.പി.മധുസൂദനൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മാറ്റി നട്ടത്. 

ഇത്തരത്തിൽ വലിയ മരങ്ങൾ മാറ്റി നടുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയത്. മരത്തിന്റെ പ്രധാന ചില്ലകൾ നീക്കം ചെയ്തെങ്കിലും ചുവട്ടിലെ വേരുൾപ്പെടെയുള്ള ഭാഗം നിലനിർത്തി. ഫംഗസ് ബാധ തടയുവാൻ പ്രത്യേക ലായനിയും വേരുകളിൽ പുരട്ടി.

വളങ്ങളും ഹോർമോണുകളും ചുവട്ടിൽ ഇട്ടു. മരത്തിന്റെ തുടർന്നുള്ള പരിപാലന ചുമതല ക്ഷേത്രം ഉപദേശക സമിതിക്കാണ്. ദിവസവും 3 നേരം വെള്ളം ഒഴിക്കുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ഉപദേശക സമിതി പ്രസിഡന്റ് പ്രഫ.മധുസൂദനൻ നായർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ വേരു പിടിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.

കലക്ടർക്ക് സ്വീകരണമൊരുക്കി കുരുന്നുകൾ

കലവൂർ ∙ ഭാവി തലമുറയ്ക്കായി മരങ്ങൾ സംരക്ഷിക്കുവാനുള്ള കലക്ടർ മാമന്റെ താൽപര്യത്തെ സ്വാഗതം ചെയ്ത് എൽപി സ്കൂളുകൾ അഭിനന്ദനം അറിയിക്കുവാനെത്തി. പ്രീതികുളങ്ങര ടഗോർ സ്മാരക പഞ്ചായത്ത് എൽപി സ്കൂളിലെ കുട്ടികളാണ് ജാഥയായെത്തി സ്വീകരിച്ചത്.

‘ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി’ എന്നു പാടിയെത്തിയ കുട്ടികൾ കലക്ടർക്ക് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെടുത്തി സ്വന്തം കൈപ്പടയിൽ എഴുതിയ കവിതകളും ചിത്രങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക കെ.സുധയുടെ നേതൃത്വത്തിൽ എത്തിയ കുട്ടികൾക്ക് നന്ദി പറഞ്ഞാണ് കലക്ടർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com