ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിന് അരി; മഞ്ഞ, പിങ്ക് കാർഡുകാർക്ക് അരി വകമാറ്റി വിതരണം ചെയ്യാൻ അനുമതി കാക്കുകയാണ് റേഷൻ വ്യാപാരികൾ. കോവിഡ് കാലത്ത് പ്രധാൻമന്ത്രി ഗരീബ് കല്യാണ അന്നയോജന (പിഎംജികെഎവൈ) പദ്ധതിപ്രകാരം അനുവദിച്ച അരിയാണ് ഓരോ റേഷൻ കടയിലും 30 ക്വിന്റൽ‍ വരെ കെട്ടിക്കിടക്കുന്നത്. ഇതിൽ 80% പച്ചരിയാണ്. അരി വാങ്ങാൻ ജനുവരി 10 വരെ അവസരം നൽകിയിട്ടും പൂർണമായും വിറ്റഴിഞ്ഞില്ല.

മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക്  സാധാരണ റേഷൻ‍ വിഹിതം സൗജന്യമായി നൽകാൻ വന്ന പുതിയ പദ്ധതിയിൽ ഇവ ഉൾപ്പെടുത്താൻ അനുമതിയില്ലാത്തതും വിനയായി. കെട്ടിക്കിടക്കുന്ന അരി വകമാറ്റി വിതരണം ചെയ്യാനും റേഷൻ വ്യാപാരികളുടെ ഡിസംബറിലെ കമ്മിഷൻ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ  മന്ത്രി ജി.ആർ.അനിലിനു കത്തു നൽകിയിട്ടുണ്ട്. ഇതുവരെ  അനുകൂല നടപടിയായില്ല. തീരുമാനം വൈകിയാൽ, കെട്ടിക്കിടക്കുന്ന അരി നശിക്കും.

6 കിലോ അരിക്ക് മൂന്നു സ‍ഞ്ചി

വെള്ള കാർഡ് ഉടമകൾക്ക് ആറു കിലോ അരിയാണ് റേഷൻ. പക്ഷേ, വാങ്ങാൻ മൂന്നു സഞ്ചി കൊണ്ടുവരേണ്ട സ്ഥിതിയാണ്. കുത്തരി, പച്ചരി, പുഴുക്കലരി എന്നിവ രണ്ടു കിലോ വീതമാണ് വിതരണം ചെയ്യുന്നത്. ഇതോടെ, അരി വാങ്ങൽ ‘പണി’യായി. മുൻ കാലങ്ങളിൽ ഗുണഭോക്താവിന് ആവശ്യമുള്ള ഇനം മാത്രം അളവു കൂട്ടി നൽകിയിരുന്നു.  നിലവിൽ അതു സാധ്യമല്ല. സ്റ്റോക്ക് ഇ–പോസിൽ റേഷൻ അളവിൽ വ്യത്യാസം വന്നാൽ കടയുടമയെ ബാധിക്കും. ഏതെങ്കിലും ഒരിനം അരി കൂടുതലായി നൽകണമെന്ന വ്യാപാരികളുടെയും ഗുണഭോക്താക്കളുടെയും ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com