ADVERTISEMENT

മാവേലിക്കര ∙ വൈദ്യുതി ബിൽ കുടിശിക 96 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടർന്നു നഗരസഭയിലെ വഴിവിളക്കുകളുടെ വൈദ്യുതി വിഛേദിച്ചു. 2 ദിവസമായി നഗരസഭ അതിർത്തിയിൽ മാവേലിക്കര വൈദ്യുതി സെക്‌ഷൻ പരിധിയിലെ നിരത്തുകൾ അന്ധകാരത്തിലാണ്. മാവേലിക്കര, തട്ടാരമ്പലം വൈദ്യുതി സെക്‌ഷൻ പരിധിയിലെ ഏറെ നാളത്തെ വൈദ്യുതി കുടിശികയായ 96 ലക്ഷം രൂപ അടയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കെഎസ്ഇബി പലതവണ നോട്ടിസ് നൽകിയിരുന്നു. 

വൈദ്യുതി വിഛേദിക്കുന്നതിനു ഉത്തരവ് ഉണ്ടെന്നും വൈദ്യുതി വിഛേദിക്കുമെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമിട്ടു. നോട്ടിസ് കാലാവധി കഴിഞ്ഞിട്ടും തുക അടയ്ക്കാത്തതിനാൽ വൈദ്യുതി 18നു രാത്രി വിഛേദിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട നഗരസഭ 18നു തന്നെ 3 ലക്ഷം രൂപയുടെ ചെക്ക് കെഎസ്ഇബിക്കു നൽകിയിട്ടുണ്ട്.

ഇന്ന്  വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണു സൂചന. കോവിഡ് കാലം മുതലാണു നഗരസഭയിലെ വഴിവിളക്കുകളുടെ ബിൽ കുടിശിക ആയത്. കോവിഡ് കാലത്തിനു ശേഷം 30 ലക്ഷത്തോളം രൂപ അടച്ചിരുന്നു. വരുമാനത്തിലെ കുറവ് മൂലം ബാക്കി തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണു നഗരസഭയിലെ നിരത്തുകളെ ഇരുട്ടിലാക്കിയത്.

വഴിവിളക്കുകളുടെ ഉപയോഗത്തിന് അനുസരിച്ചു വൈദ്യുതി തുക അടയ്ക്കുന്നതിനായി 10 മുതൽ 20 വൈദ്യുതത്തൂണുകളിൽ മീറ്ററും ടൈമറും സ്ഥാപിച്ചെങ്കിലും   പ്രവർത്തനക്ഷമമായിട്ടില്ല. ബിൽ കുടിശിക ഉള്ളതിനാൽ ഓരോ മീറ്ററും പ്രത്യേകമായി കണക്കാക്കി കരാർ ഒപ്പിടുന്നതിനു സാധിക്കില്ലെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. വൈദ്യുതത്തൂണിലെ മീറ്റർ പ്രവർത്തനക്ഷമമാക്കാൻ സാങ്കേതികത്വം പറഞ്ഞു കെഎസ്ഇബി മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ചില കൗൺസിലർമാർ ആരോപണം ഉന്നയിച്ചു.

പെൻഷൻ ഫണ്ട് മാത്രമായി 6 കോടി രൂപ നഗരസഭയ്ക്ക് സർക്കാരിൽ നിന്നു ലഭിക്കാനുണ്ട്. ആ സാഹചര്യത്തിൽ തനതു ഫണ്ടിൽ നിന്നു തുകയെടുത്തു പെൻഷൻ ഫണ്ട് നൽകേണ്ടി വന്നതിനാലാണു കോവിഡ് കാലം മുതലുള്ള വൈദ്യുതി ബിൽ കുടിശിക ആയത്. സർക്കാർ ഫണ്ട് ലഭിച്ചാലുടൻ കുടിശിക പൂർണമായി ഒഴിവാക്കാനാണു നഗരസഭ ശ്രമിക്കുന്നത്. നഗരസഭയെ അപമാനിക്കുന്ന വിധത്തിൽ കെഎസ്ഇബി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതു ശരിയല്ല.

കെ.വി.ശ്രീകുമാർ, മാവേലിക്കര നഗരസഭ അധ്യക്ഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com