ADVERTISEMENT

ആലപ്പുഴ∙ എയിംസ് എന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  ഇനിയും കാലതാമസം വരുത്താതെ എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പുതിയ ബ്ലോക്കിലേക്ക് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക് നിർമാണം സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്നും കേരളത്തിന് അർഹതപ്പെട്ട കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്രത്തിൽ നിന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.  

ടിഡി മെഡിക്കൽ കോളജിൽ പുതുതായി 15 പിജി സീറ്റുകൾ അനുവദിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പർവീൺ പവാർ പറഞ്ഞു. മെഡിക്കൽ കോളജിൽ ട്രോമാ കെയർ സംവിധാനം സമയബന്ധിതമായി സ്ഥാപിക്കുമെന്നും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയിൽ ഉൾപ്പെടുത്തി 173.18 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക് നിർമിച്ചത്. ഇതിൽ 120 കോടി രൂപ കേന്ദ്ര സർക്കാരും 53.18 കോടി രൂപ കേരള സർക്കാരുമാണ് ചെലവഴിച്ചിട്ടുള്ളത്. കെട്ടിട നിർമാണച്ചുമതല വഹിച്ച ‘ഹൈറ്റ്സ്’ എംഡി ലെജി ജോർജിനും കമ്പനി ഡയറക്ടർ ചെറിയാൻ മാത്യുവിനും മുഖ്യമന്ത്രി ഉപഹാരം നൽകി. 

ചടങ്ങിൽ മന്ത്രി സജി ചെറിയാൻ, എ.എം.ആരിഫ് എംപി, എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, യു. പ്രതിഭ, എം.എസ്.അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്,

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, പഞ്ചായത്ത് അംഗം സുനിത പ്രദീപ്, സൂപ്രണ്ട് ഡോ.അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com