ആലപ്പുഴ∙ ബൈപാസിൽ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിലിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ഉദയകുമാർ (56), വിനോദ് (32), മിനി ലോറിയുടെ ഡ്രൈവർ എറണാകുളം നായരമ്പലം വാത്തേഴത്ത് വീട്ടിൽ സുധീർ (33) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 7ന് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം.
കൊച്ചിയിൽ നിന്ന് സ്റ്റേഷനറി സാധനങ്ങളുമായി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈപാസിൽ അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഉടൻ തന്നെ ബൈപാസ് ബീക്കൺ പൊലീസെത്തി മിനി ലോറി ഡ്രൈവറെ ജനറൽ ആശുപത്രിയിലെത്തിച്ചു. കാറിലുണ്ടായിരുന്നവരുടെ പരുക്ക് സാരമുള്ളതല്ല.