ഹരിപ്പാട് ∙ ഉത്സവ സ്ഥലത്തെ സംഘർഷത്തിനിടെ മൂന്നു യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിപ്പാട് നാലുകെട്ടുംകവല കോളനിയിൽ പ്രേംജിത്ത് (അനി–30), പള്ളിപ്പാട് ചെമ്പടി വടക്കതിൽ സുധീഷ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളാണിവർ.5 പ്രതികളാണുള്ളത്. ബാക്കിയുള്ളവർ ഒളിവിലാണ്. കുത്തേറ്റ പള്ളിപ്പാട് കോനുമാടം കോളനി നിവാസികളായ സജീവ്(32), സഹോദരൻ ദീപു(38), ശ്രീകുമാർ(42) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ടെന്നും ഒരു വർഷം മുൻപ് സുധീഷിനെ സജീവ് കുത്തി പരുക്കേൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവമെന്നും പൊലീസ് പറഞ്ഞു. പ്രേംജിത്ത് ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു ആക്രമണം. എസ്എച്ച്ഒ വി.എസ്. ശ്യാംകുമാർ, എസ്ഐ ശ്രീകുമരക്കുറുപ്പ്, എഎസ്ഐ നിസാർ, സിപിഒമാരായ എ. നിഷാദ്, സുരേഷ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.