മുതുകുളം∙ ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽക്കടവ്, അഴീക്കോടൻ നഗർ, രാമഞ്ചേരി എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് ഈ ഭാഗങ്ങളിൽ തീരദേശ റോഡ് വരെ കടൽ കയറിയത്. തിരയടിച്ച് മണ്ണ് മൂടിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കടൽകയറ്റം രൂക്ഷമായതോടെ പെരുമ്പള്ളിക്കും, രാമഞ്ചേരിക്കും ഇടയിൽ നാട്ടുകാർ പ്രതിഷേധ സൂചകമായി തെങ്ങ് കുറുകെ ഇട്ട് റോഡ് ഉപരോധിച്ചു.
തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. പുലിമുട്ട് നിർമാണം ആരംഭിക്കാത്ത ഭാഗങ്ങളിലാണ് ഇപ്പോൾ കടലാക്രമണം ഉണ്ടാകുന്നത്.കടലാക്രമണ സാധ്യത കണക്കിലെടുത്ത് വലിയഴീക്കലിൽ പുലിമുട്ട് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തൃക്കുന്നപ്പുഴ മുതൽ പെരുമ്പള്ളിക്ക് ഏതാനും കിലോമീറ്ററുകൾ വടക്ക് വരെ മാത്രമേ പുലിമുട്ട് നിർമാണം നടക്കുന്നുള്ളൂ. വലിയഴീക്കലിൽ ടൂറിസം വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
മാസത്തിൽ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഇവിടെ ശക്തമായ കടൽ കയറ്റം അനുഭവപ്പെടാറുണ്ട്. അപ്പോഴൊക്കെ ശക്തമായ തിരയിൽ മണ്ണ് മൂടി തീരദേശ റോഡിലെ ഗതാഗതം തടസ്സപ്പെടാറുമുണ്ട്. മുൻപ്, താൽക്കാലിക പ്രതിരോധം എന്നോണം ജിയോബാഗ് സ്ഥാപിക്കാൻ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ഉപേക്ഷിച്ചു. കാലവർഷം തുടങ്ങുന്നതിന് മുൻപായി വലിയഴീക്കലിൽ നിന്ന് വടക്കോട്ട് പുലിമുട്ട് നിർമാണം തുടങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.