ചേർത്തല ∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാൾ സമാപിച്ചു. 17 ദിവസത്തോളം നീണ്ടുനിന്ന തിരുനാളിൽ പങ്കെടുക്കുവാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് ബസിലിക്കയിലെത്തിയത്. ഇന്നലെ എട്ടാംതിരുനാളിനും വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളെത്തിയിരുന്നു. കൃതജ്ഞ ബലിയർപ്പണവും കൊടിയിറക്കൽ ശുശ്രൂഷയും തിരുസ്വരൂപ നടയടക്കൽ കർമത്തോടും കൂടിയാണ് തിരുനാൾ സമാപിച്ചത്.
വൈകിട്ട് ദിവ്യബലിക്ക് ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണത്തിനും വിശ്വാസികളുടെ വലിയ തിരക്കുണ്ടായിരുന്നു. അർത്തുങ്കൽ പഴയ ദേവാലയത്തിൽ പൊതുവണക്കത്തിനായി ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമാണ് എട്ടാം തിരുനാളിന് പ്രദക്ഷിണത്തിനായി ഉപയോഗിച്ചത്. എട്ടാമിടം ഇടവകജനത്തിനു വേണ്ടി നടത്തപ്പെടുന്ന തിരുനാൾ ദിനമായിട്ടാണ് അറിയപ്പെടുന്നത്.
വിശുദ്ധരൂപം കടപ്പുറത്തുള്ള കുരിശടിയിൽ വച്ച് പ്രാർഥിച്ചതിനു ശേഷം പ്രദക്ഷിണത്തിന് പിന്നാലെ ഉരുൾ നേർച്ചയും നടന്നു. രാത്രി 10.30ന് അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ മുഖ്യകാർമികനായി കൃതജ്ഞത ബലിയും തുടർന്ന് കൊടിയിറക്കൽ ശുശ്രൂഷയും നടന്നു. ഫെബ്രുവരി 22ന് വലിയ നോമ്പ് ആരംഭിക്കുന്നതിനു മുൻപുവരെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.