കുട്ടനാട് ∙ വെള്ളത്തിൽ മുങ്ങിത്താണ സഹോദരന്റെയും ബന്ധുക്കളുടെയും ജീവൻ രക്ഷിച്ച അതുൽ ബിനീഷിന്(13) രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പതക്കം. ചെറുകര മുന്നരപ്പറമ്പിൽ ബിനീഷിന്റെയും സൈജിയുടെയും മകനാണ്. 2021 നവംബർ 25നു വീടിനു സമീപത്തെ തോട്ടിൽ മുങ്ങിത്താണ അനുജൻ അമലിനെയും ബന്ധുവായ ചെറുകര കോവിലകത്ത് എസ്.സുചിത്രയെയും മകൾ സനലക്ഷ്മിയെയുമാണു അതുൽ രക്ഷിച്ചത്. നീന്തൽ വശമില്ലാതിരുന്ന അമലും സനലക്ഷ്മിയും വീടിനു മുന്നിലുള്ള കടവിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്.
കടവിൽ കുളിക്കുന്നതിനിടെ സനലക്ഷ്മി തെന്നി തോട്ടിലേക്കു വീണു. സനലക്ഷ്മിയെ കരയ്ക്കു കയറ്റാനുള്ള ശ്രമത്തിനിടെ അമലും വെള്ളത്തിൽ വീണു. ഇരുവരും മുങ്ങിത്താഴുന്നതുകണ്ട സുചിത്ര കുട്ടികളെ രക്ഷിക്കാൻ വെള്ളത്തിലേക്കു ചാടിയെങ്കിലും നീന്തൽ വശമില്ലാത്തതിനാൽ മൂവരും വെള്ളത്തിൽ മുങ്ങിത്താണു.
സമീപത്തെ കടവിൽ കുളിക്കുകയായിരുന്ന അതുൽ ഓടിയെത്തി ആദ്യം അമലിനെ തോളിൽ കയറ്റി കരയിലെത്തിച്ചു. സുചിത്രയെയും സനലക്ഷ്മിയെയും ഒന്നിച്ചു കരയിലേക്കു വലിച്ചുകൊണ്ടുവരാൻ സാധിക്കാതെ വന്നതോടെ ഇരുവരെയും കാലുകൊണ്ടു തള്ളി കരയോടു ചേർത്തു രക്ഷിക്കുകയായിരുന്നു. സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കണമെന്ന ആഗ്രഹമാണ് അതുലിനുള്ളത്. കൈനടി എ.ജെ.ജോൺ മെമ്മോറിയൽ എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അതുൽ.