ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിലെ സിപിഎം പ്രശ്നങ്ങൾ തീർപ്പാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഫെബ്രുവരി 4 ന് ഇവിടെയെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗം  അന്നും പിറ്റേന്നുമായി  ചേരും.  നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസ് ഉൾപ്പെടെ ആരോപണവിധേയരായ നേതാക്കളുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളും കുട്ടനാട്ടിൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യും.

ഫെബ്രുവരി ഒന്നിന് തന്നെ യോഗം ചേരാൻ ഉദ്ദേശിച്ചതു നിയമസഭാ സമ്മേളനത്തെ തുടർന്നു മാറ്റിയിരുന്നു.  20ന് ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന ജാഥ തുടങ്ങുകയാണ്. അതിനു മുൻപ് ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണു ശ്രമം.സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു മുൻപ് ജില്ലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങളിലെ അന്വേഷണവും കുട്ടനാട്ടിൽ പാർട്ടി വിടുമെന്നു പ്രഖ്യാപിച്ചവരുമായി ചർച്ചയും മറ്റും നടത്തണമെന്നു ജില്ലാ നേതൃത്വത്തിനു കർശന നിർദേശം നൽകിയിരുന്നു.

എ.ഷാനവാസിനെതിരെയുള്ള ലഹരിക്കടത്ത് ആരോപണം അന്വേഷിക്കുന്ന കമ്മിഷന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്യും. കുട്ടനാട് പ്രശ്നത്തിൽ നേതാക്കൾ നടത്തിയ ചർച്ചകളുടെ വിവരങ്ങളും പരിഗണിക്കും. കഴിഞ്ഞ സമ്മേളന കാലത്തുണ്ടായ വിഭാഗീയതയെപ്പറ്റി അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ആലപ്പുഴ യോഗത്തിനു മുൻപ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. അതിലെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമെന്നും  വിവരമുണ്ട്.

പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണയെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനാൽ ആ വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യില്ല. എന്നാൽ, ഈ പ്രശ്നത്തിൽ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന എ.ഡി. ജയനോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തേക്കും.

കുട്ടനാട് വിഷയത്തിൽ പ്രതിഷേധിക്കുന്നവരെക്കൂടി ഉൾക്കൊണ്ടു മുന്നോട്ടു പോകുന്ന വിധത്തിലുള്ള തീരുമാനം ഉണ്ടാകാനാണ് സാധ്യത. കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ നിലപാടെടുത്ത് പാർട്ടി വിടാനൊരുങ്ങിയവർ തങ്ങളുടെ പല ആവശ്യങ്ങളും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. സമ്മേളന കാലം മുതൽ തുടരുന്ന പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെട്ടതു തന്നെ നേട്ടമായി അവർ കാണുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com