ഹരിപ്പാട് ∙ പരുന്തിനെ പേടിച്ച് രണ്ട് സ്കൂളുകൾ. വീയപുരം മേൽപാടം സെന്റ് കുര്യാക്കോസ് യുപി സ്കൂൾ, സമീപമുള്ള എംടിഎൽപി സ്കൂൾ എന്നിവിടങ്ങളിലാണു പരുന്തിന്റെ ശല്യമുള്ളത്. സ്കൂൾ പരിസരത്ത് ഒരു മാസം മുൻപ് എത്തിയ പരുന്താണ് അധ്യാപകർക്കും വിദ്യാർഥികൾക്കും ഭീഷണിയായത്. പുറത്തിറങ്ങുമ്പോൾ പറന്നു വന്ന് തലയിൽ മാന്തി മുറിവേൽപിക്കുകയാണെന്ന് അധ്യാപകർ പറയുന്നു. സെന്റ് കുര്യാക്കോസ് യുപി സ്കൂളിലെ അധ്യാപികയും ജീവനക്കാരനും രക്ഷിതാക്കളും പരുന്തിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
കുട്ടികൾ ശുചിമുറികളിൽ പോകുമ്പോൾ അധ്യാപകർ വടിയുമായി പരുന്ത് വരുന്നുണ്ടോ എന്നു നോക്കി നിൽക്കും. പരുന്ത് സ്കൂളിനു മുകളിൽ വട്ടമിട്ടു പറക്കുന്നതു കണ്ടാൽ പിന്നെ കുട പിടിച്ചാണ് എംടിഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുറത്തിറങ്ങുന്നത്. രാവിലെ കുട്ടികൾ സ്കൂളിൽ എത്തുമ്പോഴും തിരിച്ച് വൈകിട്ട് പോകുമ്പോഴും വടികളുമായി അധ്യാപകരും ജീവനക്കാരും പുറത്ത് ഇറങ്ങി നിൽക്കും. സ്കൂൾ അധികൃതർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
കഴിഞ്ഞ ദിവസം അവരെത്തി പരിശോധന നടത്തി. വീട്ടിൽ വളർത്തിയിരുന്ന പരുന്താണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പരുന്തിനെ വലവെച്ചു കെണിയിൽ കുടുക്കാനാള്ള തയാറടെപ്പിലാണു വനം വകുപ്പ് അധികൃതർ.