ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടസ്ഥലമാറ്റത്തെത്തുടർന്ന് ഒഴിഞ്ഞുകിടന്ന തസ്തികകളിലേക്ക് ഒടുവിൽ പകരക്കാരെത്തുന്നു. ഈ മാസം തുടക്കത്തിൽ 6 ഡോക്ടർമാരെ സ്ഥലംമാറ്റിയെങ്കിലും പകരം മൂന്നുപേരെ മാത്രമേ നിയമിച്ചിരുന്നുള്ളൂ. ഇതുമൂലം രോഗികൾക്കുണ്ടായ ബുദ്ധിമുട്ടു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒഴിവുള്ള 3 തസ്തികകളിലേക്കും ഡോക്ടർമാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഡോ. ബി.പി.വിനോദ്കുമാറും (അസ്ഥിരോഗ വിഭാഗം) മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പ്രഫസർ ഡോ.ടി.ശാന്തിയും (ഇഎൻടി) കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡോ. എസ്.പ്രീതയും (ജനറൽ സർജറി) നേരത്തേ തന്നെ ചുമതലയേറ്റിരുന്നു.
മരുന്നില്ലെന്ന് പരാതി
കാൻസർ രോഗികൾക്കുള്ള ജീവൻരക്ഷാ മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിട്ടാനില്ലെന്നു പരാതി. ‘കാരുണ്യ’യിലും മരുന്നുക്ഷാമം രൂക്ഷമാണെന്ന് ആരോപണമുണ്ട്. ‘ഡിസംബറിലാണ് ജീവൻരക്ഷാ ഗുളികകൾ ലഭിച്ചത്. പിന്നീട് ആവശ്യത്തിനു മരുന്നു കിട്ടിയില്ല. 80 ഗുളികകൾ വേണ്ടിടത്ത് കിട്ടുന്നത് ഇരുപതിൽ താഴെ മാത്രം. ഒന്നര മണിക്കൂർ യാത്ര ചെയ്താണു മരുന്നു വാങ്ങാൻ എത്തുന്നത്. പക്ഷേ, ഇന്നും മരുന്നു കിട്ടിയില്ല. പുറത്തുള്ള കടകളിൽനിന്നു വാങ്ങിയാൽ മാസം 16,000 രൂപ ചെലവാകും. സാധാരണക്കാർക്കു താങ്ങാവുന്നതിലും അപ്പുറമാണിത്’ – മുഹമ്മ സ്വദേശി പറഞ്ഞു.
എന്നാൽ, ഭൂരിഭാഗം മരുന്നും മെഡിബാങ്കിൽ ലഭ്യമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ‘മെഡി ബാങ്കിനും നീതി മെഡിക്കൽസിനുമായി 8 കോടി രൂപയായിരുന്നു കുടിശിക. ഇതു നൽകിത്തുടങ്ങിയിട്ടുണ്ട്. മരുന്നുവിതരണം കാര്യമായി തടസ്സപ്പെടുന്നതു ശ്രദ്ധയിൽപെട്ടിട്ടില്ല. ഏതെങ്കിലും മരുന്ന് സ്റ്റോക്ക് തീർന്നാലും അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കുന്നുണ്ട്’ – മെഡിബാങ്ക് അധികൃതർ പറഞ്ഞു.