ADVERTISEMENT

ആലപ്പുഴ∙ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ.ഷാനവാസ് അധ്യക്ഷനായ നഗരസഭാ സ്ഥിരം സമിതിയുടെ യോഗം വിളിച്ചെങ്കിലും ചേരാതിരുന്നതിനെ തുടർന്ന് നഗരസഭാധ്യക്ഷയെ ഓഫിസ് വരാന്തയിൽ കോൺഗ്രസ് തടഞ്ഞുവച്ചത് ഉന്തിലും തള്ളിലും കലാശിച്ചു.കോൺഗ്രസ് പ്രതിഷേധം പ്രതിരോധിച്ച് നഗരസഭാധ്യക്ഷയെ ചേംബറിൽ എത്തിക്കാൻ ഭരണപക്ഷ കൗൺസിലർമാർ രംഗത്തു വന്നതോടെയാണ് പരസ്പരം ഉന്തും തള്ളുമായത്. കൗൺസിലർമാർ തമ്മിൽ കയ്യേറ്റമുണ്ടാകുമെന്ന ഘട്ടത്തിൽ പൊലീസ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർമാൻ റീഗോ രാജു, കൗൺസിലർ എസ്.ഫൈസൽ എന്നിവരെ ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ഇതിനിടെ നഗരസഭാധ്യക്ഷ സൗമ്യരാജിനെ ഭരണപക്ഷം ചേംബറിലെത്തിച്ചു.ഇന്നലെ രാവിലെ 11നാണ് സംഭവം.

ക്ഷേമകാര്യ സ്ഥിരം സമിതി യോഗം വിളിച്ചെങ്കിലും നിയമപ്രകാരം നോട്ടിസ് നൽകിയിട്ടില്ലെന്ന് സമിതി അംഗമായ കോൺഗ്രസ് കൗൺസിലർമാരായ സജേഷ് ചാക്കുപറമ്പും ജോസിമോളും പരാതിപ്പെട്ടു. ഇതോടെ സെക്രട്ടറിയുടെ നിർദേശപ്രകാരം യോഗം മാറ്റിവച്ചു. യോഗം വിളിച്ച ഷാനവാസ് യോഗത്തിന് എത്തിയുമില്ല.ക്ഷേമ പെൻഷനുകളുടെ അപേക്ഷ അംഗീകരിച്ച് പട്ടിക നൽകേണ്ട ക്ഷേമകാര്യ സമിതി യോഗം ചേരാത്തത് അവരോടുള്ള അവഗണനയാണെന്ന് ആരോപിച്ച് നഗരസഭാ ഓഫിസിനു മുന്നിൽ കോൺഗ്രസിന്റെ 8 കൗൺസിലർമാർ കുത്തിയിരുന്നു.ചേംബറിലേക്ക് വന്ന നഗരസഭാധ്യക്ഷ സൗമ്യരാജിനെ കോൺഗ്രസ് തടഞ്ഞു.

പ്രതിഷേധത്തിനിടെ നഗരസഭാ ഉപാധ്യക്ഷൻ പി.എസ്.എം.ഹുസൈന്റെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാർ ബലം പ്രയോഗിച്ച് അധ്യക്ഷയെ ഒന്നാംനിലയിലെ ചേംബറിൽ എത്തിക്കാൻ ശ്രമിച്ചത് പ്രതിപക്ഷം ത‌‌‌ട‌ഞ്ഞതോടെ ഉന്തും തള്ളുമായി.യോഗം മാറ്റിവച്ചതിനും ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയനായ അംഗത്തെ രക്ഷിക്കാനും ശ്രമിക്കുന്നതിന് നഗരസഭാധ്യക്ഷ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ചേംബറിനു മുന്നിൽ കോൺഗ്രസ് അംഗങ്ങൾ എത്തി. ഭരണപക്ഷം അവരെ തടഞ്ഞതിനാൽ ചേംബറിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. നോട്ടിസ് നൽകാത്തതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മാസത്തിൽ ഒരു തവണയെങ്കിലും സ്ഥിരം സമിതി യോഗം ചേരണം. ജനുവരിയിലെ അവസാന ദിനമായ ഇന്നലെയും യോഗം ചേർന്നില്ല.

നോട്ടിസ് നൽകാത്തതിനാൽ കോൺഗ്രസിന്റെ 2 പേരുൾപ്പെടെ 4 കൗൺസിലർമാർ ക്ഷേമകാര്യ സ്ഥിരം സമിതി യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചപ്പോൾ യോഗം ചേരാതിരിക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്. നഗരസഭാ ഭരണം സ്തംഭിപ്പിക്കാനാണ് അവരുടെ ശ്രമം. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്ഥിരം സമിതി അധ്യക്ഷനെ പുറത്താക്കാൻ നടപടിയില്ല. ലഹരിക്കടത്തുകാരെ സംരക്ഷിക്കുന്നതിനെതിരെ സമരം തുടരും.

റീഗോ രാജു(കോൺഗ്രസ്)B

കൃത്യമായി നോട്ടിസ് നൽകാത്തതിനാൽ ക്ഷേമകാര്യ സമിതിയോഗം മാറ്റിവച്ചു. നോട്ടിസ് നൽകി അടുത്ത ദിവസം യോഗം ചേരും. നഗരസഭയുടെ ഒരു പ്രവർത്തനത്തിനും മങ്ങലേറ്റിട്ടില്ല. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഗുരുതര വിഷയങ്ങൾ നഗരസഭയിൽ ഇല്ല. പെൻഷൻ 3 ആഴ്ച മുൻപ് ഉള്ളതുവരെ പാസായിട്ടുണ്ട്. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഷാനവാസിന് പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ല.

സൗമ്യരാജ് നഗരസഭാധ്യക്ഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com