ADVERTISEMENT

ആലപ്പുഴ ∙ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എടുക്കൽ നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. ഫെബ്രുവരി മുതൽ കാർഡ് നിർബന്ധമെന്നായിരുന്നു ആദ്യ നിർദേശം. അതിനാൽ ഇന്നലെ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കു നല്ല തിരക്കായിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടിനൽകിയതു പല കടയുടമകൾക്കും ആശ്വാസമായി. വ്യാപാരി വ്യവസായ ഏകോപന സമിതി ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 

അതിനിടെ, പരിശോധനകൾക്കായി സ്വകാര്യ ലാബുകൾ കൊള്ളനിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഫെബ്രുവരി 15ന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്താനാണു തീരുമാനം. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് തൊഴിൽ‍ വകുപ്പിന്റെ നേതൃത്വത്തിലും പരിശോധനയുണ്ടാകും. ഹെൽത്ത് ഇൻസ്പെക്ടർമാരെയും പരിശോധനയ്ക്കു നിയോഗിച്ചിട്ടുണ്ട്.

 എത്രപേർ ? കണക്കില്ല

ജില്ലയിൽ ലൈസൻസുള്ള 2,205 ഭക്ഷ്യ വിതരണ സ്ഥാപനങ്ങളുണ്ടെന്നാണു കണക്ക്. ദിവസ വരുമാനം മൂവായിരത്തിനു മുകളിലുള്ള സ്ഥാപനങ്ങൾക്കാണു ലൈസൻസ് നൽകുന്നത്. ബാക്കിയുള്ളവയ്ക്കു റജിസ്ട്രേഷൻ മതി. അത്തരം 26713 സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിലായി എത്ര ജീവനക്കാരുണ്ടെന്ന കൃത്യമായ കണക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിലോ അതിഥിത്തൊഴിലാളികളുടെ എണ്ണം ലേബർ ഓഫിസിലോ ഇല്ല. ഏകദേശം 50,000 തൊഴിലാളികൾ ഉണ്ടെന്നാണ് ഊഹം.

പാഴ്സലുകളിൽ സ്റ്റിക്കർ  ഇന്നുമുതൽ

ഭക്ഷണ പാഴ്സലുകളിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്റ്റിക്കറുകളോ സ്ലിപ്പുകളോ ഇന്നുമുതൽ നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനകം കഴിക്കണം തുടങ്ങിയ വിവരങ്ങൾ സ്റ്റിക്കറിലുണ്ടാകും.

‘ലാബുകളിൽ ഇരട്ടി നിരക്ക്’

ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ ലാബുകളിലെ പരിശോധന ഫീസും കുത്തനെ ഉയർത്തിയെന്നാണു പരാതി. പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകളാണ് പ്രധാനമായും നടത്തേണ്ടത്. ത്വക്ക് രോഗങ്ങളില്ലെന്നും ഉറപ്പു വരുത്തണം. പിന്നെ നേത്രപരിശോധനയും. 500–600 രൂപയ്ക്കു നടത്താമാിരുന്ന പരിശോധനകൾക്ക് ഇപ്പോൾ ഇരട്ടിത്തുക ആയെന്നു കടയുടമകൾ ആരോപിക്കുന്നു.

‘ ഒരു സ്ഥാപനത്തിൽ ശരാശരി 10 ജീവനക്കാരെയാണ് കണക്കാക്കുന്നത്. അതായത് 12,000 രൂപ ഹെൽത്ത് കാർഡ് പരിശോധനകൾക്കു മാത്രം. സർക്കാർ ഡോക്ടർ തന്നെ കാർഡ് സാക്ഷ്യപ്പെടുത്തണം. അതിനും ഫീസ് നൽകണം. വ്യാപാര ഭവനുകളിൽ വച്ചു പരിശോധനകൾ ഏർപ്പെടുത്താനുള്ള നിർദേശം മുന്നോട്ടുവച്ചിട്ടും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല’–വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com