ADVERTISEMENT

ആലപ്പുഴ ∙ ജനറൽ ആശുപത്രി വാർഡിൽ എപ്പോൾ വേണമെങ്കിലും അടർന്നുവീഴാവുന്ന സീലിങ്ങിനു താഴെ അരക്ഷിതാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളെ ഇനിയും മാറ്റിയിട്ടില്ല! പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ജനുവരി 31ന് അകം രോഗികളെ താൽക്കാലികമായി അവിടേക്കു മാറ്റുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ഉറപ്പ്. എന്നാൽ, ഇനിയും രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് ഇപ്പോൾ അറിയിക്കുന്നത്. ജനറൽ ആശുപത്രിയിലെ ഈ വാർഡുകളുടെ ഗുരുതരാവസ്ഥയും രോഗികളുടെ ആശങ്കകളും മനോരമയാണു പുറത്തുകൊണ്ടുവന്നത്.

തുടർന്ന് എച്ച്.സലാം എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് രോഗികളെ അവിടെനിന്നു മാറ്റാൻ തീരുമാനിച്ചു. പുതിയ ഒപി ബ്ലോക്കിലെ നാലും അഞ്ചും വാർഡുകൾ ഇതിനായി നിശ്ചയിച്ചു. പക്ഷേ, ആഴ്ചകൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പണി പൂർത്തിയായില്ലെന്നും അതു കഴിഞ്ഞാലേ രോഗികളെ മാറ്റാൻ സാധിക്കൂ എന്നുമാണ് അധികൃതരുടെ വിശദീകരണം.  രണ്ടുമാസം മുൻപ് മരാമത്ത് അധികൃതർ ഈ വാർഡിലെ സ്ഥിതി നേരിട്ടുകണ്ട് അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ചിരുന്നു.

ഉപയോഗിക്കാൻ പാടില്ലാത്ത ഭാഗങ്ങൾ കെട്ടിയടപ്പിച്ച് അപായ ബോർഡ് വയ്പിച്ചു. പല വാർഡിലും ഇപ്പോൾ രണ്ടോ മൂന്നോ രോഗികളെ പ്രവേശിപ്പിക്കാനേ സാധിക്കൂ. അതിനാൽ രോഗികളെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയാണ്. നിലവിൽ ജനറൽ ആശുപത്രിയിൽ 400 പേർക്കു കിടത്തിച്ചികിത്സയ്ക്ക് അനുമതിയുണ്ട്. പക്ഷേ,  247 കിടക്കയ്ക്ക് ആനുപാതികമായേ ജീവനക്കാരുള്ളൂ. ഇവിടെ ട്രോമ കെയർ തുടങ്ങുമ്പോൾ 50 തസ്തികയെങ്കിലും അധികം സൃഷ്ടിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com