ADVERTISEMENT

ആലപ്പുഴ ∙ നാളെ സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ജില്ലയുടെ പ്രധാന പദ്ധതികൾക്കും ആവശ്യങ്ങൾക്കും അതിൽ ഇടം കിട്ടുമോ? പ്രതീക്ഷകൾ ഏറെയുണ്ടെങ്കിലും ഏതൊക്കെ യാഥാർഥ്യമാകുമെന്ന് ജനപ്രതിനിധികൾക്കു പോലും അറിയില്ല.

കുട്ടനാട് പാക്കേജ്

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷ കുട്ടനാട്ടിലെ കർഷകർക്കുണ്ട്. രണ്ടാം പാക്കേജിൽ പുറംബണ്ടുകൾ ബലപ്പെടുത്തലാണ് പ്രധാനമായും ചെയ്യേണ്ടത്. കുട്ടനാട്ടിൽ ആകെയുള്ളത് 411 പാടശേഖരങ്ങൾ. ഇതുവരെ 70 പാടശേഖരങ്ങളുടെ ബണ്ടുകൾ നിർമിച്ചെന്നാണ് ഔദ്യോഗിക വിവരം. ബാക്കി ചിലതിന്റെ നിർമാണം നടക്കുന്നു. നേരത്തെ 57 കോടി രൂപ ലഭിച്ചിരുന്നു. തോടുകളുടെ നവീകരണത്തിനും മറ്റുമായിരുന്നു അത്.

കുട്ടനാട് കുടിവെള്ള പദ്ധതി

പതിറ്റാണ്ടുകൾക്കു മുൻപ് പ്രഖ്യാപിച്ച ഈ പദ്ധതിക്ക് ഇത്തവണ കൂടുതൽ പണം കിട്ടുമോ? നേരത്തെ 298 കോടി അനുവദിച്ചിരുന്നു. കിഫ്ബി വഴി 98 കോടി കൂടി കിട്ടി. എന്നാൽ, അതുകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയില്ല.നീരേറ്റുപുറത്ത് ശുദ്ധീകരണ പ്ലാന്റിനു സ്ഥലമെടുത്തു കഴിഞ്ഞെന്നു തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു. പണികൾ അടുത്ത മാസം ടെൻഡർ ചെയ്യും. 6 ടെൻഡറുകളായാണിത്. പ്ലാന്റിന്റെ ശേഷി വർധിപ്പിക്കൽ, 13 ഓവർഹെഡ് ടാങ്കുകളുടെ നിർമാണം, 3 മേഖലകളായി തിരിച്ച് പൈപ്‌ലൈൻ വലിക്കൽ, 13 ടാങ്കിൽനിന്നു വിതരണ പൈപ്‌ലൈൻ വലിക്കൽ, പഴയ ടാങ്കുകളുടെ നവീകരണം എന്നിവയാണ് പ്രധാന പണികൾ.

തീരദേശം

മത്സ്യത്തൊഴിലാളികൾ മുൻപൊന്നുമില്ലാത്ത പ്രതിസന്ധി നേരിടുന്ന കാലമാണ്. പരമ്പരാഗത മത്സ്യബന്ധന മേഖല വിപുലമായ ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഏതു പ്രഖ്യാപനവും വലിയ കാര്യമാകും.ഏറ്റവും നീണ്ട തീരദേശമുള്ള ജില്ലയായതിനാൽ തീരദേശ ഹൈവേ നിർമാണം ബജറ്റിൽ ഉൾപ്പെടുമോ എന്നത് ശ്രദ്ധയർഹിക്കുന്ന വിഷയമാണ്. സർവേ നടപടി തുടങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ട്. സ്ഥലമെടുപ്പ് പോലുള്ള സങ്കീർണ പ്രശ്നങ്ങളുമുണ്ട്. അതിനൊക്കെ പരിഹാരമാകുന്ന പാക്കേജ് ബജറ്റിൽ ഉണ്ടെങ്കിൽ ജില്ലയിലെ യാത്രാസൗകര്യത്തിൽ അതു വലിയ മുന്നേറ്റമാകും.

ടൂറിസം

കോവിഡ് കാലത്തിനു ശേഷം ജില്ലയിൽ വിനോദസഞ്ചാര രംഗം ഉണർന്നു തുടങ്ങിയെങ്കിലും പ്രശ്നങ്ങൾ പലതും ഇപ്പോഴുമുണ്ട്. കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ പോന്ന കായൽസൗന്ദര്യവും ബീച്ചുകളും ജില്ലയ്ക്കുണ്ട് എന്നത് വലിയ വരുമാന നേട്ടത്തിനു വഴി തുറക്കും. ഇക്കാര്യത്തിൽ ബജറ്റ് എന്തു പറയുന്നു എന്നു ശ്രദ്ധിക്കുന്നവർ ടൂറിസം അനുബന്ധ മേഖലയിൽ ഏറെയുണ്ട്.

കയർ

സമരങ്ങൾ തുടർക്കഥയായ മേഖലയാണ്. പദ്ധതികൾ പലതും പ്രഖ്യാപിച്ചിട്ടും സാധാരണ തൊഴിലാളികൾക്കും ചെറു സഹകരണ സംഘങ്ങൾക്കും കാര്യമായ പ്രയോജനമില്ലെന്ന പരാതി അവസാനിച്ചിട്ടില്ല. പുതിയ പ്രഖ്യാപനങ്ങളിൽ പലതും നടപ്പാക്കാനുമുണ്ട്. പരമ്പരാഗത വ്യവസായങ്ങളെ ബജറ്റ് സ്പർശിക്കുമെങ്കിൽ കയർ മേഖലയ്ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.

വ്യവസായങ്ങൾ

കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, സിൽക്ക്, ഹോംകോ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങൾ പലതുണ്ട് ജില്ലയിൽ. അവയുടെ ഭൗതിക സൗകര്യങ്ങൾ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന് ഈ രംഗങ്ങളിലെ വിദഗ്ധർ നിർദേശിച്ചിരുന്നതാണ്.

യു.പ്രതിഭ കായംകുളം

∙ കായംകുളം കെഎസ്ആർടിസി സമുച്ചയം നവീകരണം. കഴിഞ്ഞതവണ പരിഗണിക്കപ്പെട്ടില്ല.
∙ സൗകര്യം കുറവുള്ള സ്കൂളുകൾക്ക് കെട്ടിടം.
∙ കായലിന്റെയും
∙തോടുകളുടെയും ആഴം
∙കൂട്ടി തീരഭിത്തി നിർമാണം.

എച്ച്.സലാംഅമ്പലപ്പുഴ

∙ തോട്ടപ്പള്ളി ടൂറിസം പദ്ധതി.
∙ വർഷം മുഴുവൻ വെള്ളത്തിലാകുന്ന, ആലപ്പുഴ നഗരത്തിനു കിഴക്കുള്ള പോഞ്ഞിക്കര ദ്വീപിൽ ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ സാധ്യതകൾ ഉപയോഗിച്ച് വികസനം.

എം.എസ്.അരുൺകുമാർ മാവേലിക്കര

∙ മാവേലിക്കര കെഎസ്ആർടിസി സ്റ്റേഷനു സമീപത്തെ വലിയകുളം, കണ്ടിയൂർ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണം.
∙ സ്റ്റേഡിയങ്ങൾ ആധുനികവൽക്കരിക്കാൻ പദ്ധതി.
∙ അങ്കണവാടികൾക്കു സ്വന്തം കെട്ടിടം.

പി.പ്രസാദ്ചേർത്തല
∙ അർത്തുങ്കലിൽ ഫെനിച്ചിയോ പിൽഗ്രിം അമിനിറ്റി സെന്റർ.
∙സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളാക്കാൻ പദ്ധതി.
∙ തീരസംരക്ഷണത്തിന് കല്ലു കെട്ടാൻ പദ്ധതി.

ദലീമ ജോജോ അരൂർ
∙ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 50 കോടിയുടെ നിർദേശങ്ങൾ.
∙ അരൂർ വ്യവസായ എസ്റ്റേറ്റ് നവീകരണം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയ്ക്ക് 5 കോടിയുടെ നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com