ADVERTISEMENT

തോട്ടപ്പള്ളി ∙ ഒരുനാടിന്റെ പേരുതന്നെയായി മാറിയ ദേശീയപാതയോരത്തെ ‘ഒറ്റപ്പന’ മുറിച്ചുമാറ്റുന്നു. മുറിച്ചു മാറ്റാനുള്ള അനുമതി ആചാരപ്രകാരം നൽകേണ്ടതു ഭഗവതിയും യക്ഷിയും. കുരുട്ടൂർ ക്ഷേത്രോത്സവം സമാപിക്കുന്ന അടുത്ത ബുധനാഴ്ചയ്ക്കു ശേഷമാണ് ചടങ്ങ്.

ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലം കയറി ആലപ്പുഴയ്ക്കു വരുന്നവരും അമ്പലപ്പുഴ കഴിഞ്ഞു ഹരിപ്പാട് ഭാഗത്തേക്കു പോകുന്നവരും തോട്ടപ്പള്ളി വഴിയോരത്തെ ഒറ്റപ്പന ലാൻഡ് മാർക്കായി കാണാൻ തുടങ്ങിയിട്ടു വർഷങ്ങളായി. നാടിന്റെ പേരായി അതു മാറുകയും ചെയ്തു. ദേശീയപാത വികസനത്തിനു കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്തപ്പോൾ ഒറ്റപ്പനയും വെട്ടിമാറ്റണമായിരുന്നു.

പക്ഷേ കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഈ മാസം 8ന് സമാപിക്കുന്നതു വരെ അതു നീട്ടിവച്ചു. ഭഗവതിയുടെ തോഴിയായ യക്ഷി ക്ഷേത്രത്തിനു മുൻവശത്തുള്ള ഈ പനയിലാണു വസിക്കുന്നതെന്നാണു ഭക്തരുടെ വിശ്വാസം. ഉത്സവകാലങ്ങളിൽ ഒറ്റപ്പനയുടെ ചുവട്ടിൽ ഗുരുതിയും മറ്റു പൂജകളും നടത്തുന്നത് ആ വിശ്വാസത്തോടെയാണ്.

ഇത്തവണയും അതെല്ലാം നടക്കും. ശേഷം, ഒറ്റപ്പന മുറിക്കാൻ ദേവി, യക്ഷി, പനയിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾ എന്നിവരുടെ അനുമതി തേടി പരിഹാരക്രിയ നടത്തും. അവകാശികളായ ആദി സമൂഹത്തിൽപെട്ടവരെക്കൊണ്ടു തന്നെ മുറിച്ചുമാറ്റുമെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയിട്ടുള്ള തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com