മുതുകുളം∙കടലാക്രമണം തടയുന്നതിന് പെരുമ്പള്ളി, വലിയഴീക്കൽ ഭാഗങ്ങളിൽ ജിയോബാഗ് സ്ഥാപിക്കുന്നതിന് 78. 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകിയെന്നും ലോക ബാങ്ക് സഹായത്തോടെയുള്ള 128 കോടി രൂപയുടെ പ്രത്യേക പ്രവൃത്തികൾ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ സുനാമി ബാധിത പ്രദേശങ്ങളാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഈ ഭാഗങ്ങളിൽ സാധാരണ കടലാക്രമണം ഉണ്ടാകുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. എന്നാൽ ചൂട് വളരെ കൂടിയ ഈ സമയത്ത് രൂക്ഷമായ കടൽക്ഷോഭമാണ് ഉണ്ടാകുന്നത്.ലോകബാങ്ക് സഹായത്തോടെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ പുലിമുട്ട്, കടൽഭിത്തി എന്നിവ നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് 154 കോടി രൂപയുടെയും, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ 128 കോടി രൂപയുടെയും പദ്ധതികൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു.
ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. കെഐഐഡിസി മുഖേന ഹരിപ്പാട് നിയോജകമണ്ഡലത്തിൽ കിഫ്ബിയുടെ 80.815 കോടി രൂപയുടെ ധനസഹായത്തോടുകൂടി പതിയാങ്കരയിൽ 1.50 കിലോമീറ്റർ നീളത്തിൽ തീരദേശ സംരക്ഷണത്തിനു 13 പുലിമുട്ടുകളും, ആറാട്ടുപുഴയിൽ 1.20 കിലോ.മീറ്റർ നീളത്തിൽ 21 പുലിമുട്ടുകളും വട്ടച്ചാലിൽ 1.70 കിലോ.മീറ്റർ നീളത്തിൽ 16 പുലിമുട്ടുകളും നിർമിച്ചു കൊണ്ടിരിക്കുകയാണ്.
വട്ടച്ചാലിലെ നല്ലാണിക്കലിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിന് 6.845 കോടി രൂപയുടെ സഹായം കിഫ്ബി അനുവദിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീര സംരക്ഷണത്തിന് ലോക ബാങ്ക് സഹായത്തോടെ 128.80 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികളുടെ സാങ്കേതിക സാധ്യതാപഠനം നടത്തിയതിനുശേഷം തുടർ നടപടി സ്വീകരിക്കും. 2022-23 ലെ ബജറ്റിൽ ഉൾപ്പെടുത്തി ഈ ഭാഗത്ത് 7.98 കോടി രൂപയുടെ തീരസംരക്ഷണ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്.വലിയഴീക്കൽ, പെരുമ്പള്ളി ഭാഗത്തേക്ക് ജിയോ ബാഗ് ഉപയോഗിച്ചുള്ള താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് 78.85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു.