ADVERTISEMENT

ചേർത്തല∙ ദേശീയപാത വികസനത്തിനായി കരാർ ഏറ്റെടുത്തിട്ടുള്ള നിർമാണ കമ്പനി ബേസ് ക്യാംപ് നിർമിക്കുന്നതിനായി കഞ്ഞിക്കുഴിയിലെ കുണ്ടേലാറ്റ് പാടം നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ. പൊതുആവശ്യങ്ങൾക്ക് 15 ഏക്കർ നിലം നികത്തുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ പ്രാദേശിക സമിതിക്ക് അപേക്ഷ നൽകിയെങ്കിലും നിലം നികത്തരുതെന്ന് കൃഷി വകുപ്പ് ഉൾപ്പെടെ റിപ്പോർട്ട് നൽകിയിരുന്നു.

വീണ്ടും നിലം നികത്തൽ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊതു ആവശ്യത്തിനായി നിലം നികത്തണമെന്ന നിർമാണ കമ്പനിയുടെ അപേക്ഷയിൽ കരഭൂമി കണ്ടെത്തണമെന്ന നിർദേശം റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലും വ്യക്തമാക്കുന്നു. ഇതും അവഗണിച്ചാണ് നിലം നികത്താൻ ശ്രമിക്കുന്നതെന്നു പ്രദേശേവാസികൾ പറയുന്നു. കൃഷി വകുപ്പ് ഉൾപ്പെടെയുള്ള പ്രദേശികസമിതി നിലം നികത്തരുതെന്ന കർശന നിർദേശം ആദ്യഘട്ടമുതൽ നൽകുന്നുണ്ടെങ്കിലും ഇത് മറികടന്നാണ് കമ്പനിയുടെ നേതൃത്വത്തിൽ നിലം നികത്തൽ നടക്കുന്നത്.

കൃഷി ഓഫിസിന്റെ നേതൃത്വത്തിൽ നാലുമാസത്തിനുള്ളിൽ മൂന്ന് തവണ സ്റ്റോപ്പ് മെമ്മോ നൽകുകയും കലക്ടർ, ആർഡിഒ, ജില്ലാ കൃഷി ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടിയുണ്ടാകാതെ വന്നതോടെ നിലവിൽ ഒന്നര ഏക്കറോളം നിലം മണലിട്ട് നികത്തിയിട്ടുണ്ട്.ദേശീയപാതയോരത്തു നിന്നും നീക്കം ചെയ്യുന്ന മണലാണ് ഇപ്പോൾ കുണ്ടേലാറ്റ് പാടത്ത് ഇറക്കി നികത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടും നിലം നികത്താൻ മണലുമായെത്തിയതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 വാഹനങ്ങൾ തടഞ്ഞിട്ടു പ്രതിഷേധിച്ചതോടെ മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. രാത്രിയുടെ മറവിലാണ് സാധാരണ മണലിറക്കി നിലം നികത്തുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ തൽക്കാലം നിർത്തിവയ്ക്കുമെങ്കിലും കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും നികത്തൽ തുടരുകയാണ് പതിവ്.കഴിഞ്ഞ ദിവസവും നിലംനികത്താൻ ശ്രമിച്ചതോടെ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ഗീതാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ഷീല പ്രതീഷ് ബെൽ, കഞ്ഞിക്കുഴി കൃഷി ഓഫിസർ ജാനിഷ് റോസ്, കൃഷി അസിസ്റ്റന്റ് സുരേഷ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.

നിലം നികത്തൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും തുടർ നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എഐവൈഎഫ് ജില്ലാ പ്രസി‍ഡന്റ് ബൈ രഞ്ജിത്, ഭാരവാഹികളായ സാംജു സന്തോഷ്, കെ.എസ്.ഷിബു, ബ്രൈറ്റ് എസ്. പ്രസാദ് തുടങ്ങിയവരും പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com