പൂച്ചാക്കൽ ∙ കാലിത്തീറ്റയിലെ ഭക്ഷ്യവിഷബാധ ബാധിച്ച പള്ളിപ്പുറത്തെ പശു ഫാമുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ഇവരെത്തിയത്. പരിശോധന റിപ്പോർട്ട് സർക്കാരിലേക്കു നൽകും. കർഷകർക്കു നഷ്ടപരിഹാരത്തിനുള്ള ഇടപെടലും ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.സംസ്ഥാന ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. മിനി ജോസ്, ഡോ. എസ്. നന്ദകുമാർ, ഡോ. പ്രത്യുഷ്, ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബി.സന്തോഷ്കുമാർ, എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ എന്നിവരുടെ സംഘമാണ് ഫാമുകൾ സന്ദർശിച്ച് വിവരം ശേഖരിച്ചത്.
ഇവർക്കു പുറമേ മഞ്ഞാടിയിലെ ലാബിൽ നിന്നുള്ള സംഘവും പരിശോധനയ്ക്ക് എത്തി. തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലബോറട്ടറി ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.നസീമ, ഡോ. എസ്.വിനീത, ടെക്നിഷ്യൻ ജിൻസി ജോൺ തുടങ്ങിയവർ തിരുനല്ലൂർ പവിത്രം ലീല പവിത്രന്റെയും കോട്ടപ്പുറം ജയകുമാറിന്റെയും ഫാമിലെത്തി കാലിത്തീറ്റ, ചാണകം, രക്തം, വൈക്കോൽ, പുല്ല് എന്നിവയുടെ സാംപിൾ ശേഖരിച്ചു. 3 ദിവസത്തിനു ശേഷം റിപ്പോർട്ട് നൽകും. ഭക്ഷ്യവിഷബാധയുണ്ടായ കാരണം, ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ, വേറെ ഏതെങ്കിലും ഭാഗത്തേക്കു രോഗം ബാധിക്കുമോ, പാൽ ഉപയോഗിക്കാൻ നൽകാമോ തുടങ്ങിയവ വിശദമായി പരിശോധിക്കുകയാണ് ലക്ഷ്യം.
പള്ളിപ്പുറത്ത് മൂന്നിടത്താണ് പശുക്കളിൽ ഭക്ഷ്യവിഷബാധയുള്ളത്. ഇതിൽ തിരുനല്ലൂർ പവിത്രം ലീല പവിത്രന്റെ ഒരു കറവപ്പശു കഴിഞ്ഞ ദിവസം ചത്തു. 17 പശുക്കളിലും രണ്ടു കിടാവിനും രോഗബാധയുണ്ട്. 17ൽ ഒരു പശുവിന്റെ നിലയും ഒരു കിടാവിന്റെ നിലയും ഗുരുതരമായി തുടരുകയാണ്. 4 വയസ്സുള്ള കറവപ്പശുവാണ് ഗുരുതരാവസ്ഥയിലുള്ളത്. നേരത്തെ ചത്ത പശുവിന്റെ കിടാവും ഗുരുതരാവസ്ഥയിലാണ്. ഒരു കിടാവിനും മറ്റുള്ള പശുക്കൾക്കും മരുന്ന് ഫലം ചെയ്യുന്നുണ്ട്.
കോട്ടപ്പുറം ജയകുമാറിന്റെ ഫാമിലെ 17 പശുക്കൾക്കു രോഗബാധയുണ്ട്. ഒരു പശുവിന് ഗർഭഛിദ്രം നടന്നത് ഒഴികെ മറ്റുള്ളവയ്ക്കു ഗുരുതര പ്രശ്നങ്ങൾ നിലവിലില്ല. മരുന്ന് നൽകുന്നുണ്ട്. പാൽ ലഭ്യത കുറഞ്ഞിട്ടുണ്ട്.തിരുനല്ലൂർ ഗവ. എച്ച്എസ്എസിനു സമീപം പര്യാത്ത് കരുണാകരൻ നായരുടെ രണ്ടു പശുക്കൾക്കും രണ്ടു കിടാവുകൾക്കും രോഗബാധയുണ്ടായതും നിയന്ത്രണ വിധേയമാകുന്നുണ്ട്.