ചെങ്ങന്നൂർ ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഇരമല്ലിക്കര ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പട്ടാപ്പകൽ മോഷണശ്രമം. നാട്ടുകാരെ വെട്ടിച്ചു മോഷ്ടാക്കൾ മണിമലയാറ്റിൽച്ചാടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, വടക്കുവശത്തെ പഴയ ഓടിട്ട കെട്ടിടത്തിലാണ് പാത്രങ്ങളും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പിന്നിലെ തടി കൊണ്ടുള്ള ജനാലയുടെ പാളി ഇളക്കിയശേഷം അഴികൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.
ഓട്ടുപാത്രങ്ങൾ ,ഓട്ടുരുളികൾ ,വിളക്കുകൾ ,ചെമ്പിലും ഓടിലും നിർമിച്ച കലശക്കുടങ്ങൾ ,അഷ്ടമംഗല്യ വിളക്കുകൾ എന്നിവയാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മരങ്ങാട്ടില്ലത്തെ കിണറിന്റെ പമ്പ്സെറ്റ് അഴിച്ചെടുക്കാൻ ശ്രമിക്കുന്നതു കണ്ട നാട്ടുകാർ മോഷ്ടാക്കളെ പിന്തുടർന്നു പിടികൂടി.
എന്നാൽ മോഷ്ടിച്ച സാധനങ്ങൾ ഉപേക്ഷിച്ച് ഇവർ ഓടി. തുടർന്ന് സമീപത്തെ മണിമലയാറ്റിൽച്ചാടി രക്ഷപ്പെട്ടു. ഇവരുടെ ഒപ്പമുണ്ടായിരുന്നെന്ന് കരുതുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയും പിന്നീട് ഇവിടെ നിന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫിസർ പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ വാച്ചർ ഡ്യൂട്ടിക്ക് ആളില്ലാതായിട്ട് എട്ടു മാസത്തോളമായി. ഇന്നലെ ക്ഷേത്രത്തിൽ നാലാം ഉത്സവമായിരുന്നു.