ആലപ്പുഴ ∙ സിപിഎമ്മിലെ അശ്ലീല വിഡിയോ വിവാദം അന്വേഷിച്ച പാർട്ടി കമ്മിഷൻ കണ്ടെത്തിയത് തൊഴിൽ തട്ടിപ്പു കേസിലെ പ്രതിയിൽനിന്നു സിപിഎം പ്രാദേശിക നേതാവ് പണം തട്ടിയ സംഭവവും. അശ്ലീല വിഡിയോ ആരോപണം അന്വേഷിച്ച കമ്മിഷൻ ഇന്നലെ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇതുൾപ്പെടെ പാർട്ടിക്ക് അപമാനമുണ്ടാക്കുന്ന പല കണ്ടെത്തലുകളുമുണ്ടെന്നാണ് വിവരം.
തൊഴിൽ തട്ടിപ്പു കേസിൽ ഇടനിലക്കാരനായി പണം വാങ്ങിയെന്ന് മുൻ ലോക്കൽ കമ്മിറ്റി ഭാരവാഹി സമ്മതിച്ചതായി റിപ്പോർട്ടിൽ സൂചനയുണ്ട്. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ സാന്നിധ്യത്തിൽ ചേർന്ന ഈ യോഗത്തിലാണ് ഗൗരവമുള്ള കണ്ടെത്തലുകൾ അവതരിപ്പിച്ചതും ഏരിയ കമ്മിറ്റിയംഗം എ.ഡി.ജയനെ സാധാരണ അംഗത്വത്തിലേക്ക് തരംതാഴ്ത്തിയതും. നഗ്നദൃശ്യവിവാദത്തിൽ ആരോപണവിധേയനായ ഏരിയകമ്മിറ്റി അംഗം സോണയെ നേരത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
മകൾക്ക് ജോലി ലഭിക്കാൻ പണം നൽകിയ, പാർട്ടി ബന്ധമുള്ള കണ്ണൂർ സ്വദേശി പണം തിരികെക്കിട്ടാൻ ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. അടുത്തിടെ പാർട്ടി നടപടി നേരിട്ട, കുതിരപ്പന്തി ലോക്കൽ കമ്മിറ്റിയിലെ മുൻ നേതാവാണ് ഇതിൽ ഇടപെട്ടത്. തുടർന്ന് തട്ടിപ്പു കേസിലെ പ്രതി കുറച്ചു പണം പരാതിക്കാർക്കു തിരികെ നൽകാൻ ഏൽപിച്ചെന്നും അതു മുഴുവൻ പരാതിക്കാർക്കു ലഭിച്ചില്ലെന്നും പാർട്ടി കണ്ടെത്തിയിരുന്നു. ഈ പണത്തിൽ ഒരു ഭാഗം താൻ എടുത്തെന്ന് നേതാവ് കമ്മിഷനു മൊഴി നൽകിയെന്ന് വിവരമുണ്ട്.
ഇതിനിടെ അശ്ലീല വിഡിയോയെപ്പറ്റി പരാതി നൽകിയ 3 സ്ത്രീകളിൽ ഒരാൾ പരാതി പിൻവലിച്ചിട്ടുണ്ട്. എന്നാൽ, അവർ നേരത്തെ നൽകിയ മൊഴി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വഴിവിട്ട ബന്ധങ്ങൾക്ക് പാർട്ടി ഓഫിസ് ദുരുപയോഗം ചെയ്തെന്ന വിവരവും കമ്മിഷൻ കണ്ടെത്തിയെന്നാണ് വിവരം. അതേസമയം, ഏരിയ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തപ്പെട്ട എ.ഡി.ജയൻ സാധാരണ അംഗത്വത്തിൽ തുടരുമെന്നാണ് വിവരം. സൂക്ഷ്മപരിശോധനയുടെ സമയത്ത് പുറത്താക്കാൻ കഴിയില്ല എന്നതിനാലാണ് അംഗത്വം നിലനിർത്തിയത്.