ADVERTISEMENT

ആലപ്പുഴ∙ ബജറ്റിൽ തുക അനുവദിച്ചെങ്കിലും കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തുകയോ പദ്ധതികളോ പോരെന്നു പ്രാഥമിക വിലയിരുത്തൽ. കയർ ഉൽപാദക സംഘങ്ങളിലും കയർഫെഡിലും 40 കോടിയോളം രൂപയുടെ കയർ കെട്ടിക്കിടക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ഈ കയർ വിപണിയിൽ വിറ്റുമാറാതെ ചെറുകിട ഉൽപാദന സംഘങ്ങളിൽ നിന്ന് കയർഫെഡിന് കയർ എടുക്കാനാകില്ല. ലക്ഷങ്ങളുടെ കയർ കെട്ടിക്കിടന്നതോടെ ഉൽപാദക സംഘങ്ങൾ നിലയ്ക്കുകയും ചെയ്തു.

ഇത്തവണത്തെ പ്രഖ്യാപനങ്ങൾ

കയർ രംഗത്ത് യന്ത്രവൽക്കരണത്തിനും പശ്ചാത്തല വികസനത്തിനും– 40 കോടി, കയറുൽപന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരതാ ഫണ്ടിന് 38 കോടി, ഗവേഷണവും സാങ്കേതികവിദ്യാ വികസനം നടത്തുന്ന കേന്ദ്രങ്ങൾക്ക് 8 കോടി, കയറിന്റെയും കയറുൽപന്നങ്ങളുടെയും വിപണി വികസന സഹായ പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 10 കോടി, കയർ – കയറുൽപന്ന ഉൽപാദനവും വിപണന പ്രോത്സാഹനവും പദ്ധതിക്ക് 10 കോടി എന്നിവയാണ് കയർ മേഖലയ്ക്കായി ബജറ്റിൽ പ്രഖ്യാപിച്ചത്.

എന്തുകിട്ടും?

ഒറ്റനോട്ടത്തിൽ കയറുൽപാദക സംഘങ്ങളിൽ നിന്ന് കയർ സംഭരണം വർധിക്കും. ഇപ്പോൾ കയർ സംഭരണം നിലച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകും. എന്നാൽ വിപണിയിൽ പുതിയ സാധ്യതകൾ ഉണ്ടാകാത്തിടത്തോളം കയർ മേഖലയിൽ ശാശ്വത പരിഹാരമാകില്ല.

പുത്തൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ കയർപിരിക്കാൻ ഉപയോഗിക്കുന്നത് കയറുൽപാദക സംഘങ്ങൾക്ക് ഗുണകരമാകും. നിലവിൽ ജില്ലയിലെ‍ കയറുൽപാദന സംഘങ്ങൾ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്ക് പ്രവർത്തനക്ഷമത കുറവാണ്. ഇവ ഉപയോഗിച്ച് നിർമിക്കുന്ന കയറിൽ നൂൽ ഉള്ളതിനാൽ യൂറോപ്യൻ വിപണിയിൽ ആവശ്യക്കാരില്ല.

കൈപ്പിരി മാതൃകയിൽ കയർ നിർമിക്കുന്ന യന്ത്രങ്ങൾ കൊണ്ടുവന്നാലും ഉൽപാദനത്തിലും കമ്പോളത്തിലും തമിഴ്നാടൻ കയർ ഏറെ മുൻപിലാണ്. തമിഴ്നാട് കയറിന് വിലയും കുറവ്. കേരളത്തിൽ തൊണ്ടിന്റെ ലഭ്യത കുറഞ്ഞതും താരതമ്യേന തൊഴിലാളികളുടെ കൂലിയിലുള്ള വർധനയും കാരണമാണ് കേരള കയറിന്റെ വില ഉയർന്നു നിൽക്കുന്നത്. കയർ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണി കണ്ടെത്താനാണ് സഹായം വേണ്ടത്.

ഗവേഷണവും സാങ്കേതിക വിദ്യാ വികസനം നടത്തുന്ന കേന്ദ്രങ്ങൾക്ക് തുക അനുവദിച്ചതിലൂടെ കയർ മേഖലയിൽ പുത്തൻ ഉൽപന്നങ്ങളോ വിപണി സാധ്യതകളോ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷ.

വകയിരുത്തി, പക്ഷേ കിട്ടിയില്ല

2021ലെ ബജറ്റിൽ കണിച്ചുകുളങ്ങരയിൽ വാണിജ്യാടിസ്ഥാനത്തിൽ കയർ ബൈന്റർലെസ് ബോർഡ് നിർമിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായില്ല.  ഫാക്ടറി തുറക്കുന്നതിന് ആവശ്യമായ നിലവാരമുള്ള യന്ത്രം ലഭിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഒന്നേകാൽ കോടിയോളം രൂപയാണ് ഉപയോഗിക്കാതെ നഷ്ടമായത്. കയർ ഫൈബർ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയും കയർ മേഖലയ്ക്ക് ഇപ്പോഴും അന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com