ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം ഇന്ന് നടക്കും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ ആടി അനുഗ്രഹം വാങ്ങാൻ എത്തുന്നത്.

വ്രതാനുഷ്ഠാനത്തോടെ ഭക്തർ വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന ഘോഷയാത്രകളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. കാവടിയാട്ടം എത്തുന്നതോടെ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ടു നിറയും. ഇന്നലെ വൈകിട്ട് കാവടി സ്വാമിമാർ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിനു ശേഷമാണ് കാവടി നിറയ്ക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ടത്. പുലർച്ചെ മുതൽ അഭിഷേകം ചെയ്യാനുള്ള എണ്ണക്കാവടികളാണ് ആദ്യം നിറച്ചത്.

ഇന്നു പുലർച്ചെ മൂന്നിനു ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള മേൽശാന്തി മഠത്തിൽ നിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം ക്ഷേത്രത്തിലെത്തുന്നത്. പിന്നാലെ നെയ്, ശർക്കര, പാൽ, തേൻ, കരിക്ക്, പനിനീർ തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച കാവടികളാടി എത്തും. ഉച്ചയ്ക്കു ബ്രാഹ്മണ സമൂഹ മഠത്തിൽ നിന്നു കളഭക്കാവടികൾ എത്തും. കാവടി അഭിഷേകത്തിനു ശേഷം ഉച്ചപൂജ നടക്കും. വൈകിട്ട് ഭസ്മം, കുങ്കുമം, പൂവ് എന്നിവ നിറച്ച കാവടികളാണ് എത്തുന്നത്. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള കാവടിവരവ് രാത്രിവരെ നീളും.

ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ടൗൺഹാൾ ജംക്‌ഷൻ മുതൽ പടിഞ്ഞാട്ട് ക്ഷേത്രം വരെയും പെരുംകുളം മുതൽ തെക്കോട്ട് ക്ഷേത്രം വരെയും, ദേശീയപാതയിൽ തെക്കേ നടയിൽ നിന്നും വടക്കോട്ട് ക്ഷേത്രം വരെയും പടിഞ്ഞാറേ പള്ളിവേട്ടആൽ മുതൽ ക്ഷേത്രം വരെയുമുള്ള റോഡുകളിൽ കൂടെയുള്ള വാഹന ഗതാഗതം പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകിട്ട് 3 മുതൽ രാത്രി 9 വരെയും പൂർണമായും നിരോധിച്ചു.
∙ കാവടി ഭക്തർ ക്ഷേത്രദർശനത്തിനു ശേഷം വടക്കേ നടപ്പന്തലിൽ സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്ത് വച്ചു കാവടികൾ അഴിക്കണം. ക്ഷേത്രത്തിനുള്ളിൽ വച്ച് കാവടി നിറദ്രവ്യം അഴിക്കുവാൻ പാടുള്ളതല്ല.
∙ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കൂടി പ്രവേശനം ഉണ്ടായിരിക്കില്ല.
∙ ഒരേസമയം ഒന്നിൽ കൂടുതൽ ക്ഷേത്രങ്ങളിലെ കാവടികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളതല്ല
∙ ക്ഷേത്രത്തിനു മുൻവശമുള്ള ബലിക്കൽ പുരയിലുള്ള വൊളന്റിയേഴ്സിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
∙ ശൂലക്കാവടികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല. പുറത്തെ ആന കൊട്ടിലിനു മുൻവശമുള്ള കാണിക്കവഞ്ചിയുടെ മുന്നിൽ വച്ച് ശൂലം ഊരുകയും കുളിച്ചതിനു ശേഷം മാത്രം ക്ഷേത്രദർശനം നടത്തുകയും ചെയ്യണം.
∙ എല്ലാ വാഹനങ്ങളും ദേവസ്വം ഡപ്യൂട്ടി ഓഫിസിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തണം.
∙ അഭിഷേക സമയം: എണ്ണ കാവടി പുലർച്ചെ 3.30 മുതൽ 5.30 വരെയും കരിക്ക് പാൽ തേൻ നെയ്യ് കരിമ്പിൽ നീര് ശർക്കര പനിനീര് എന്നിവ രാവിലെ 7 30 മുതൽ 10. 30 വരെയും, കളഭം 12 30 നും, ഭസ്മം, കുങ്കുമം, പൂവ് എന്നിവ വൈകിട്ട് 6.30 മുതൽ 7.30 വരെയുമാണ് അഭിഷേകം
∙ ക്ഷേത്രങ്ങളിൽ നിന്നെത്തുന്ന വാദ്യമേളങ്ങൾ കാവടികൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ശേഷം 5 മിനിറ്റ് മാത്രം അകത്തെ ആനക്കോട്ടിലിൽ മേളം നടത്തുക.
∙ ദ്രവ്യ അഭിഷേകത്തിന് ആവശ്യമായുള്ള പാത്രങ്ങൾ അതത് ക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവരേണ്ടതാണ്
∙ കാവടികളോടൊപ്പം സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല
∙ കാവടികൾ ഇല്ലാത്ത സമയത്ത് സ്ത്രീകൾക്ക് ക്ഷേത്ര ദർശനത്തിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com