മാവേലിക്കര ∙ റിപ്പബ്ലിക് ദിനത്തിൽ മാവേലിക്കര സ്പെഷൽ ജയിലിൽ നിന്നു ചാടിപ്പോയ പ്രതിയെ തിരുവല്ലയിൽ നിന്നു ജയിലധികൃതർ പിടികൂടി. തിരുവല്ല നെടുമ്പ്രം കല്ലിങ്കൽ കാരാത്തറ കോളനി കണ്ണാചിറ വീട്ടിൽ വിഷ്ണു ഉല്ലാസിനെ (28) തിരുവല്ല തുകലശേരിയിൽ നിന്ന് ഇന്നലെ രാത്രി ഏഴരയോടെയാണു ജയിൽ അധികൃതരുടെ നേതൃത്വത്തിൽ പിടികൂടിയത്. ക്യാമറ ദൃശ്യങ്ങളിൽ നിന്നു വിഷ്ണു ഉല്ലാസ് തുകലശേരി ഭാഗത്തേക്ക് പോകുന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് ജയിൽ ഉദ്യോഗസ്ഥർ മഫ്തിയിൽ പ്രദേശത്ത് കാത്തിരുന്നു. ഏഴോടെ തുകലശേരിയിൽ എത്തിയ പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കുതറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണു കീഴടക്കിയത്. പിടിയിലായ വിഷ്ണു ഉല്ലാസിനെ ഇന്നലെ രാത്രി എട്ടരയോടെ മാവേലിക്കര പൊലീസിനു കൈമാറി.
Also read: ആന ഇടഞ്ഞ് ഓടിയത് റോഡിലൂടെ 12 കിലോമീറ്റർ; ഒപ്പം പാപ്പാൻമാരും നാട്ടുകാരും ഓടി
യുവതിയോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ റിമാൻഡ് ചെയ്യപ്പെട്ട വിഷ്ണു, 26നു രാവിലെ എട്ടരയോടെയാണ് ജയിൽ ചാടിയത്. സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ടി.ജെ.പ്രവീഷ്, ഡപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.നന്ദകുമാർ, അസി.പ്രിസൺ ഓഫിസർമാരായ എം.മണികണ്ഠൻ, ജി.ഗിരീഷ്, എം.ബിനേഷ് കുമാർ, ആർ.വിനീഷ്, എം.അനൂപ്, ആർ.മഹേഷ്, എ.സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഏറെ സാഹസികമായാണു പ്രതിയെ പിടികൂടിയത്.