ADVERTISEMENT

ആലപ്പുഴ∙ ഇനിയും അപകടങ്ങൾക്ക് വഴിയൊരുക്കാൻ കേബിളുകളും കൊടി തോരണങ്ങളും റോഡിലേക്ക് ചാഞ്ഞു കിടക്കുന്നു. കഴിഞ്ഞ ദിവസമാണ് കായംകുളം ഇടശേരിൽ ജംക്‌ഷനു സമീപം ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിക്കവെ സ്ത്രീ കേബിൾ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ചു വീണ് മരിച്ചത്. ദേശീയപാതയോരത്ത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപവും ഏറെ ദൂരത്തിൽ കേബിൾ താഴ്ന്നു കിടക്കുകയാണ്. ആശുപത്രിയിൽ നിന്ന് പല മെഡിക്കൽ സ്റ്റോറുകളിലേക്കും ആളുകൾ തിരക്കിട്ട് പോകുന്ന ഭാഗത്താണ് കേബിൾ അപകടകരമായി കിടക്കുന്നത്.

Also read: ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം

ദേശീയപാതയിൽ കലവൂർ ജംക്‌ഷനു വടക്ക് റോഡിന്റെ പടിഞ്ഞാറു വശത്തു പല ഭാഗത്തും കേബിളുകൾ പൊട്ടിയ നിലയിലും ചുറ്റിക്കെട്ടി വച്ച നിലയിലും ഉണ്ട്. രാത്രിയിലും മറ്റും റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കുമ്പോഴാണ് കേബിളിൽ കുടുങ്ങുന്നത്. വളവനാട് സ്വയംപ്രഭ ജംക്‌ഷൻ, പ്രീതികുളങ്ങര റോഡിലും പല ഭാഗങ്ങളിൽ കേബിളുകൾ അലക്ഷ്യമായി വലിച്ചിട്ടുണ്ട്. മണ്ണഞ്ചേരിയിലും ചില ഭാഗങ്ങളിൽ ഇത്തരത്തിൽ കേബിൾ അപകടനിലയിൽ വലിച്ചിട്ടുണ്ട്.

മാവേലിക്കര മിച്ചൽ ജംക്‌ഷനിലെ ഹൈമാസ്റ്റ് വിളക്ക് കേന്ദ്രീകരിച്ചു വിവിധ സംഘടനകൾ തോരണങ്ങൾ കെട്ടുമെങ്കിലും അഴിച്ചു മാറ്റാറില്ല. പിന്നീടു കണ്ടെയ്നർ ലോറികളും മറ്റും കടന്നു പോകുമ്പോൾ തോരണങ്ങൾ പ്ലാസ്റ്റിക് കയർ സഹിതം പൊട്ടി താഴേക്കു വീണു കിടക്കും. സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും താഴ്ന്നു കിടക്കുന്ന തോരണങ്ങൾ പൂർണമായി പൊട്ടിച്ചു മാറ്റുന്നതിനാലാണ് അപകടങ്ങൾ ഒഴിവാകുന്നത്.

ബുദ്ധ ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം കേബിൾ പൊട്ടിവീണിരുന്നു. രാവിലെ എത്തിയ ഓട്ടോറിക്ഷ ഡ്രൈവറാണു കേബിൾ വശത്തേക്കു മാറ്റിയിട്ടത്. പലയിടങ്ങളിലും തോരണങ്ങളുടെ കയറുകൾ താഴേക്ക് ഊർന്നു കിടക്കുന്നുണ്ട്. പലപ്പോഴും അൽപ വ്യത്യാസത്തിലാണ് ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം ഒഴിവാകുന്നത്.

അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ കായംകുളത്ത് ഇന്നലെ സ്വകാര്യ കമ്പനികൾ കേബിളുകൾ ഉയർത്തിക്കെട്ടുകയും അപകടമൊഴിവാക്കുകയും ചെയ്തു.

അപകടക്കെണികൾ അറിയിക്കാം, ഈ നമ്പറിൽ

ജില്ലയിൽ ഇതുപോലെയുള്ള അപകടക്കെണികൾ ഇനിയുമുണ്ട്. വായനക്കാർക്ക് അത്തരം അപകട സാഹചര്യങ്ങൾ മനോരമയെ അറിയിക്കാം. വാട്സാപ് നമ്പർ: 70126 68143

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com