പരിമിതികൾക്ക് നടുവിൽ സ്വകാര്യ ബസ് സ്റ്റാൻഡ്; പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല

 30 ലക്ഷം മുടക്കി ആലപ്പുഴ നഗരസഭ സ്റ്റാൻഡിൽ നിർമിച്ച ശുചിമുറി, വിശ്രമ കേന്ദ്രം കെട്ടിടം.
30 ലക്ഷം മുടക്കി ആലപ്പുഴ നഗരസഭ സ്റ്റാൻഡിൽ നിർമിച്ച ശുചിമുറി, വിശ്രമ കേന്ദ്രം കെട്ടിടം.
SHARE

ആലപ്പുഴ ∙ പരിമിതികൾക്ക് നടുവിൽ വീർപ്പുമുട്ടി ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാതെ സ്റ്റാൻഡിലെത്തുന്നവർ നട്ടംതിരിയുകയാണ്. നഗരസഭ കഴിഞ്ഞ ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തി ടേക്ക് എ ബ്രേക്ക് പദ്ധയിൽ ഉൾപ്പെടുത്തി സ്റ്റാൻഡിൽ ആധുനിക രീതിയിലുള്ള ശുചിമുറിയും വിശ്രമ കേന്ദ്രവും നിർമിച്ചെങ്കിലും ഇതുവരെ തുറന്നു നൽകിയിട്ടില്ല. ഇലക്ട്രിക്കൽ ജോലി പൂർത്തിയാക്കാത്തതിന്റെ പേരിലാണ് 99 ശതമാനം പണി പൂർത്തിയായ കെട്ടിടം തുറന്നുനൽകാതെ ഇട്ടിരിക്കുന്നത്. 

ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ സന്ധ്യയായാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് ബസ് ജീവനക്കാരും സമീപത്തെ വ്യാപാരികളും പറയുന്നു. സ്റ്റാൻഡിനുള്ളിൽ പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും പൊലീസിന്റെ സേവനമില്ല. ആളില്ലാതെ പൊലീസ് ഔട്ട് പോസ്റ്റ് കെട്ടിടവും കസേരയുൾപ്പെടെയുള്ള ഉപകരണങ്ങളും പൊടിപിടിച്ച് നശിക്കുകയാണ്.

Also read: ശസ്ത്രക്രിയ മാറ്റിവച്ചത് 4 തവണ; ഇനിയും വൈകിപ്പിക്കരുതേ, ഇതൊരു കുരുന്ന് ജീവനാണ്

ബസ് സ്റ്റാൻഡ് പരിസരം കാടുകയറിയ നിലയിലാണ്. ഇവിടെ നിന്ന് ഇഴജന്തുക്കളടക്കം സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് നിത്യസംഭവമാണ്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കെട്ടിടത്തിലെ ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കൂടാതെ തെരുവ് നായ ശല്യവും രൂക്ഷമാണ്. യാത്രക്കാരുടെ വിശ്രമ സ്ഥലങ്ങൾ പലപ്പോഴും തെരുവുനായ്ക്കൾ കയ്യേറുന്ന കാഴ്ചയാണ്. ഇവയെ ഭയന്ന് പലരും പുറത്താണ് ബസ് കാത്ത് നിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന സ്റ്റാൻഡിൽ വന്നു പോകുന്നത്. 

രാത്രി കാലങ്ങൾക്ക് പുറമേ പകലും തട്ടിപ്പുകാരുട താവളമായി മാറിയിരിക്കുകയാണ് ബസ് സ്റ്റാൻഡ് പരിസരം. തിങ്കളാഴ്ച ധനസഹായം വാഗ്ദാനം ചെയ്ത് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ആറു ഗ്രാം തൂക്കം വരുന്ന കമ്മൽ യുവാക്കൾ അപഹരിച്ചിരുന്നു. ബസ് കാത്തുനിന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത സംഭവവും അരങ്ങേറിയത് കഴിഞ്ഞയാഴ്ചയാണ്. പിങ്ക് പൊലീസ് ഇടയ്ക്ക് വന്നു പോകുന്നത് അല്ലാതെ സ്റ്റാൻഡിൽ പൊലീസിന്റെ സേവനമില്ല.

സാമൂഹിക വിരുദ്ധരുടെയും തട്ടിപ്പുകാരുടെയും താവളമായി ബസ് സ്റ്റാൻഡ് മാറി. സ്റ്റാൻഡിൽ പൊലീസ് സേവനം ഏർപ്പെടുത്തണം. സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭയോട് ആവശ്യപ്പെട്ടിട്ടും നൽകിയിട്ടും നടപടിയില്ല.

പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോ.

സ്റ്റാൻഡിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റാൻഡിൽ സിസിടിവിയും സംവിധാനവും പൊലീസ് സേവനവും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS