ബജറ്റിലും ഗവ.നയങ്ങളിലും ഭിന്നശേഷിക്കാരോട് അവഗണന; ‘ആശ്വാസകിരണം’ പദ്ധതിക്കും വെല്ലുവിളി

Kerala Budget 2023 / KN Balagopal | Photo: MANOJ CHEMANCHERI
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. (Photo: MANOJ CHEMANCHERI)
SHARE

ആലപ്പുഴ∙ ഫണ്ട് ഇല്ലാത്തതു മൂലം മുടങ്ങിക്കിടക്കുന്ന ‘ആശ്വാസകിരണം’ എന്ന ഭിന്നശേഷിക്കാരുടെ പദ്ധതിക്കു സംസ്ഥാന ബജറ്റും താങ്ങായില്ല. 207 കോടി രൂപ കുടിശിക ഉള്ളപ്പോൾ ബജറ്റിൽ‍ അനുവദിച്ചത് 53 കോടി മാത്രം. ഭിന്നശേഷിക്കാർക്കായി സംസ്ഥാന തല ഫണ്ട് രൂപീകരിക്കണമെന്ന 2016ലെ നിർദേശവും പരിഗണിച്ചില്ല.  ഇത്തവണത്തെ ബജറ്റിലും ഭിന്നശേഷി ഫണ്ടിനു തുക വകയിരുത്തിയില്ല. 

കിടപ്പുരോഗികൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർ, എൻഡോസൾഫാൻ രോഗബാധയിൽ പൂർണമായും ദുർബലരായവർ   തുടങ്ങി മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവരെ പരിപാലിക്കുന്നവർക്കു പ്രതിമാസം 600 രൂപ നൽകുന്നതാണ് ‘ആശ്വാസ കിരണം’ പദ്ധതി. സംസ്ഥാനത്തു 1.15 ലക്ഷം പേരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.  പദ്ധതിയിൽ അംഗങ്ങളാകാൻ 2018 മുതലുള്ള അപേക്ഷകൾ ഇതുവരെ പരിഗണിച്ചിട്ടുമില്ല. 2018 മുതലുള്ള അപേക്ഷകൾ   60,000 കവിഞ്ഞു.

പരാതികൾ വേറെയും

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും അവരെ വിഷമിപ്പിക്കുന്നതാണെന്നു പരാതി ഉയർന്നിട്ടുണ്ട്. ക്ഷേമപെൻഷൻ നിബന്ധനയാണ് ഇതിലൊന്ന്. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ കുടുംബ വാർഷിക വരുമാനമുണ്ടെങ്കിൽ ഭിന്നശേഷി വ്യക്തി 1600 രൂപ പ്രതിമാസ പെൻഷന് അയോഗ്യനാകുമെന്നാണു നിബന്ധന. അഞ്ചംഗ കുടുംബത്തിലെ ഒരാൾക്കു 300 രൂപ ദിവസ വേതനം ലഭിച്ചാൽ മതി വാർഷിക വരുമാനം ഒരു ലക്ഷം രൂപയെന്ന പരിധി കടക്കാൻ. ഈ വരുമാനം കൊണ്ട് ആ കുടുംബം പുലരില്ല എന്നിരിക്കെ ഭിന്നശേഷിക്കാരന് അതിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്നതു കടുത്ത അനീതിയാണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ സർട്ടിഫിക്കറ്റിലും പാര

ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൽ ‘താൽക്കാലികം’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ പുതുക്കേണ്ട തീയതി കാണിച്ചിട്ടുണ്ടെങ്കിലോ പെൻഷനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയില്ലെന്നാണ്  സർക്കാർ നയം. 2018ൽ കേന്ദ്ര സർക്കാരാണു ഭിന്നശേഷി സർട്ടിഫിക്കറ്റ്   5, 10, 18 വയസ്സുകളിൽ പുതുക്കണമെന്നു നിർദേശം കൊണ്ടുവന്നത്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെങ്കിൽ അറിയാനാണിത്.

അതു പോലും മനസ്സിലാക്കാതെയാണ് സർക്കാരിന്റെ പുതിയ നിർദേശം എന്നു പരാതിയുണ്ട്. ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് അവസാനമായി നടന്നത് 2015ലാണ്. 3 വർഷം കൂടുമ്പോൾ കണക്കെടുപ്പു നടത്തേണ്ടതാണ്. 2015ൽ 8 ലക്ഷത്തോളം ഭിന്നശേഷിക്കാർ കേരളത്തിൽ ഉണ്ടായിരുന്നു.  

പരീക്ഷയും പരീക്ഷണമാകും

ആവശ്യത്തിനു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഇല്ലാത്തതു ഭിന്നശേഷി വിദ്യാർഥികൾക്കു പുതിയ പ്രതിസന്ധിയായി. ബുദ്ധിക്ഷമത പരിശോധിച്ചു സർ‍ട്ടിഫിക്കറ്റ് നൽകേണ്ടത് ഇവരാണ്. എന്നാൽ, ഗവ.ആശുപത്രികളിലെല്ലാംകൂടിയുള്ളത് 18 പേർ മാത്രം. ഭിന്നശേഷിക്കാരുടെ സൗകര്യാർഥം എല്ലാ താലൂക്ക് ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ നിയമനം നടത്തണമെന്നു നിർദേശം ഉള്ളപ്പോഴാണിത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണു ബാക്കി.

പരീക്ഷ എഴുതാനുള്ള സഹായി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കു ലഭിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. അധ്യയന വർഷം തുടങ്ങിയപ്പോൾ മുതൽ രക്ഷിതാക്കൾ ഇത് ആവശ്യപ്പെടുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS