വഴിമുട്ടി പുലിമുട്ട്; നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് തീരവാസികൾ

Mail This Article
കലവൂർ ∙ കാട്ടൂരിൽ പാതിവഴിയിൽ നിർത്തിയ പുലിമുട്ട് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി തീരവാസികൾ. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് മുൻപ് ഒട്ടേറെ വീടുകൾ തകരുകയും പലപ്പോഴും തീരവാസികൾക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടേണ്ട സാഹചര്യവുമുണ്ടായിരുന്നു. പുലിമുട്ടും കടൽഭിത്തിയും പൂർത്തിയാവുന്നതോടെ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. എന്നാൽ നിലവിലെ പുലിമുട്ടിനും കടൽഭിത്തിക്കും പാകിയിട്ടുള്ള കല്ലുകൾ താഴുകയും കടലിന്റെ ആഴം കൂടുകയും ചെയ്യുന്നതായ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് പുതുക്കിയത്.
എന്നാൽ കിഫ്ബി ഇതിന് അംഗീകാരം നൽകിയില്ല. തുടർന്ന് കരാർ കമ്പനി 25% പണികൾ അവശേഷിക്കെ പണികൾ മതിയാക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിന് മുൻപ് പുലിമുട്ടുകളുടെയും കടൽഭിത്തിയുടെയും നിർമാണം പൂർത്തിയാക്കണമെന്നാണ് തീരവാസികളുടെ ആവശ്യം. കോവിഡും കല്ലിന്റെ ലഭ്യതക്കുറവും കാരണം 3 വർഷത്തോളം വൈകിയാണ് ഇത്രയും പണികൾ ചെയ്തത്. കാട്ടൂർ മുതൽ ഓമനപ്പുഴ വരെയുള്ള 3.16 കിലോമീറ്റർ നീളത്തിൽ 34 പുലിമുട്ടുകളും 345 മീറ്റർ കടൽഭിത്തിയും നിർമിക്കാനാണ് നേരത്തെ 49.90 രൂപ കിഫ്ബി പദ്ധതിയിൽ അനുവദിച്ചത്.
നിലവിൽ പുലിമുട്ടിന്റെ ഭാഗമായി സ്ഥാപിച്ച കല്ലുകൾ കടലിലേക്ക് താഴ്ന്നു കഴിഞ്ഞതായും കൂടുതൽ കല്ലുകൾ അടുക്കിയില്ലെങ്കിൽ ഇതുവരെ മുടക്കിയ പണം വെറുതേയാകുമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പി.ജെ.ആന്റണി പറഞ്ഞു. ചില പുലിമുട്ടുകളുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും പറഞ്ഞു.