ഒരുപാട് സഞ്ചരിക്കുന്നതല്ലേ, എന്നാൽപിന്നെ വഴിയിൽനിന്നു കുലുക്കി സർബത്ത് കുടിച്ച കടകളെപ്പറ്റിയൊക്കെ പറഞ്ഞു വ്ലോഗറായേക്കാമെന്നു തോന്നിയതാണ് ആ മാലമോഷ്ടാവിനെ പൊലീസിന്റെ പിടിയിലെത്തിച്ചത്. നാലഞ്ചു ജില്ലകളിലായി പലയിടത്തും ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെപ്പറ്റി ഒരു തുമ്പും കിട്ടാതിരുന്നപ്പോഴാണ് കള്ളന്റെ വ്ലോഗുകൾ പൊലീസിനു വഴി കാട്ടിയത്.
മാല പൊട്ടിച്ചു ബൈക്കിൽ പായുന്നയാളുടെ ചിത്രം പലയിടത്തും സിസിടിവി ക്യാമറകളിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാൻ പ്രയാസം. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇയാൾ ബൈക്കിൽ പോകുന്ന ചിത്രങ്ങൾ പൊലീസിന്റെ പല വാട്സാപ് ഗ്രൂപ്പുകളിലും കൈമാറിയിട്ടും സൂചനയില്ല.
ഒരു ദിവസം ‘വ്ലോഗർ’ ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലെ ഒരു ക്ഷേത്രവളപ്പിൽ വിശ്രമിക്കുകയായിരുന്നു. അതുവഴി പ്രഭാതസവാരിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ആളെ കണ്ടപ്പോൾ സംശയം തോന്നി. വാട്സാപ്പിൽ കണ്ട ചിത്രവുമായി സാമ്യം. അടുത്തുകൂടി വിവരങ്ങൾ ചോദിച്ചപ്പോൾ കള്ളനു കാര്യം മനസ്സിലായി. സീനിൽനിന്ന് ഓടിപ്പോയെങ്കിലും അയാളുടെ ബൈക്കും സ്മാർട്ട് ഫോണും കിട്ടി.
പരിശോധിച്ചപ്പോൾ ബൈക്കും ഫോണും മോഷ്ടിച്ചതാണ്. ഫോണിന് സ്ക്രീൻ ലോക്കില്ലായിരുന്നു. കോവിഡ് കാലത്താണു സംഭവം. ഫോണിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസിന്റെയും മറ്റും ഒട്ടേറെ അറിയിപ്പുകൾ. പത്തനംതിട്ട ജില്ലയിലെ ഒരു കടയിലെത്തിയ മോഷ്ടാവ് നാരങ്ങാവെള്ളമോ മറ്റോ ചോദിച്ച് അവിടെയുണ്ടായിരുന്ന കുട്ടിയുടെ ശ്രദ്ധതിരിച്ച ശേഷം ഫോൺ മോഷ്ടിച്ചതായിരുന്നു.
ഫോണിന്റെ സിം കാർഡ് മാറ്റിയെങ്കിലും വാട്സാപ് അക്കൗണ്ട് മാറിയിരുന്നില്ല. ആളെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫോണിൽ ആദ്യം അവഗണിച്ച ചില വിവരങ്ങൾ അങ്ങനെയാണു വീണ്ടും പരിശോധിച്ചത്. മോഷ്ടാവ് ഫോണിൽ പല വിഡിയോകളും മറ്റും പകർത്തിയിരുന്നു. സഞ്ചരിച്ച വഴികളിലെ കുലുക്കി സർബത്ത് കടകളെപ്പറ്റിയൊക്കെ വ്ലോഗ് പോലെയുള്ള സൃഷ്ടികൾ. ചിലർക്ക് അയച്ചുകൊടുക്കാൻ വേണ്ടി തയാറാക്കിയതാണ്. കൂട്ടത്തിൽ സ്വന്തം ചിത്രവും പകർത്തി.
വിഡിയോകൾ പരിശോധിച്ച് ഇയാൾ എത്തിയ ചില കടകൾ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് കുലുക്കി സർബത്ത് കടകളിൽ കയറിയിറങ്ങി. ഫോണിലുള്ള ചിത്രം കാണിച്ച് അന്വേഷിച്ചപ്പോൾ ആൾ ഇടയ്ക്കൊക്കെ പല കടയിലും എത്തിയിരുന്നെന്നു മനസ്സിലായി. കുലുക്കി സർബത്ത് കുടിച്ച് കാശു കൊടുത്തു പോകുന്ന വെറും കസ്റ്റമറായിരുന്നില്ല അയാൾ. കടക്കാരോട് അൽപനേരം വർത്തമാനം പറയുകയും ചെയ്യും. പട്ടാളക്കാരനാണെന്നും അവധിക്ക് എത്തിയതാണെന്നുമൊക്കെ പറഞ്ഞിരുന്നു. തലമുടി പറ്റെ വെട്ടിയിരുന്നു.
അങ്ങനെ വ്ലോഗർ പട്ടാളം അടുത്ത വിഡിയോ പകർത്താൻ എത്തുന്നതു നോക്കി പൊലീസ് പതിയിരുന്നു. പൊലീസിനു തന്നെപ്പറ്റി സൂചനയൊന്നും കിട്ടിയിട്ടുണ്ടാവില്ല എന്ന ധൈര്യം ലേശം പാളി. അടുത്ത സീനിൽ വില്ലൻ കുടുങ്ങി.ക്ഷേത്രപരിസരങ്ങളിലും അടച്ചിട്ട വീടുകളിലുമൊക്കെയായിരുന്നു ഇയാളുടെ ഉറക്കം. കുളിയും വസ്ത്രം അലക്കലും ക്ഷേത്രപരിസരങ്ങളിലും മറ്റും. വർഷങ്ങളായി മാലപൊട്ടിക്കൽ രംഗത്തുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലൊക്കെ ഇയാൾക്കെതിരെ കേസുണ്ട്. ഒട്ടേറെത്തവണ പിടിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങിയാൽ വീണ്ടും മാല പൊട്ടിക്കാനിറങ്ങും. അതാണ് ശൈലി.