ADVERTISEMENT

ആലപ്പുഴ ∙ വേനൽക്കാലത്തു തീപിടിത്തം കൂടുമ്പോഴും ജില്ലയിൽ വിവിധ ഫയർ സ്റ്റേഷനുകളിലായി 50 ഓഫിസർമാരുടെ ഒഴിവ്. എല്ലാ യൂണിറ്റിലും ദിവസവും 3 ഫോൺ കോളുകളെങ്കിലും തീപിടിത്തവുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. മറ്റു സേവനങ്ങൾക്കായുള്ള ഓട്ടം വേറെ. ഒന്നര വർഷം മുൻപ് 88 ജീവനക്കാരുണ്ടായിരുന്ന ആലപ്പുഴ അഗ്നിരക്ഷാസേന യൂണിറ്റിൽ സ്റ്റേഷൻ ഓഫിസറടക്കം നിലവിൽ 50 ജീവനക്കാരാണുള്ളത്.

52 ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ ഉണ്ടായിരുന്നിടത്തു നിലവിൽ 30 പേർ മാത്രമാണുള്ളത്. 20 ഡ്രൈവർമാരുണ്ടായിരുന്നിടത്തു 10 പേരും 11 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരുണ്ടായിരുന്ന സ്ഥാനത്ത് 6 പേരെയും വച്ചാണ് പ്രവർത്തിക്കുന്നത്. രണ്ടു മെക്കാനിക്കൽ തസ്തികയുണ്ടെങ്കിലും ഒരാൾ മാത്രമാണുള്ളത്.

ചെങ്ങന്നൂർ അഗ്നിരക്ഷാസേനയിൽ 5 ഫയർ ഓഫിസർമാരുടെ കുറവുണ്ട്. ഹരിപ്പാടും അരൂരുമായി 3 ഡ്രൈവർമാരുടെ കുറവുണ്ട്. തകഴി മിനി അഗ്നിരക്ഷാസേന യൂണിറ്റിൽ വിവിധ വകുപ്പുകളിലായി 4 ജീവനക്കാരുടെ കുറവുണ്ട്. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ ആ തസ്തികയിലേക്ക് പകരം ആളെ നിയമിക്കാത്തതാണ് എണ്ണം കുറയാനുള്ള പ്രധാന കാരണം.

ഇതിനു പുറമേ ഡിസംബർ മുതലുള്ള മൂന്നു മാസത്തെ ഇന്ധന കുടിശികയിനത്തിൽ 12 ലക്ഷത്തോളം രൂപയാണു കിട്ടാനുള്ളത്. ഓരോ മാസവും 3.5–4 ലക്ഷം രൂപയുടെ ഇന്ധനമാണു ജില്ലയിലെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്കു വേണ്ടി വരുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിലും തുക നൽകാനുണ്ട്.

ഓഫിസ് ചെലവുകൾക്കായി തുക അനുവദിച്ചിട്ട് 6 മാസത്തോളമായെന്നാണു വിവരം. ഈയിനത്തിൽ മാത്രം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കാനുണ്ട്. ജില്ലാ ഓഫിസർ, സ്റ്റേഷൻ ഓഫിസർമാർ എന്നിവർ സ്വന്തം പണം മുടക്കിയാണു വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുന്നതും ഓഫിസ് ചെലവുകൾ നടത്തുന്നതും. മുൻപ് 8 മാസത്തോളം കാലത്തെ ഇന്ധന കുടിശിക വന്നു പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയെത്തിയിരുന്നു. ശബരിമല സീസണിലാണ് ഈ തുക തീർത്തു നൽകിയത്. എന്നാൽ തുടർന്നു പണം അനുവദിക്കുന്നതു നിലയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com