ADVERTISEMENT

വള്ളികുന്നം∙ ഭരണിക്കാവ്, വള്ളികുന്നം മേഖലകളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ വള്ളികുന്നം കടുവിനാൽ കോണത്ത് പുത്തൻവീട്ടിൽ അഫ്ന ഷെരീഫിന്റെ കാർ പോർച്ചിൽ കിടന്ന കാറിന്റെ മുൻ വശത്തെ ബംപർ കടിച്ചു നശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 24ന് ഭരണിക്കാവ് ചക്കാലിൽ മദനൻ പിള്ളയുടെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ടു സ്കൂട്ടറുകളും ഓട്ടോറിക്ഷയും ഇതു പോലെ തെരുവുനായ്ക്കൾ നശിപ്പിച്ചിരുന്നു.

വീടുകളുടെ പുറത്ത് ഇട്ടിരിക്കുന്ന ചെരുപ്പുകളും വസ്ത്രങ്ങളും നായ്ക്കൾ കടിച്ചു കൊണ്ട് പോകുന്നതും പതിവാണ്.വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിലെ റോഡുകളിൽ കൂടി ഇരുചക്രവാഹന യാത്രക്കാർക്ക് തെരുവുനായശല്യം മൂലം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ കറ്റാനം ജംക്‌ഷന് സമീപം പട്ടി കുറുകെ ചാടി ഉണ്ടായ വാഹനാപകടത്തിൽ ഒന്നാംകുറ്റി കിഴക്കടത്ത് പടീറ്റതിൽ ഷാമൻസിലിൽ ഷംനാദ്ഖാന് ഗുരുതരമായി പരുക്കേറ്റിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് പലരും സമാനമായ സംഭവങ്ങളിൽ പരുക്കേറ്റ് ദുരിതവും പേറി കഴിയുകയാണ്. രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രികരുടെ പിന്നാലെ ഓടി ആക്രമിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.മേഖലയിൽ വളർത്തു മൃഗങ്ങളെയും കോഴികളെയും താറാവുകളെയും നായ്ക്കൾ ആക്രമിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ 12ന് പുലർച്ചെ കടുവിനാൽ തോമ്പിയിൽ തെക്കതിൽ രാജിയുടെ ഫാമിൽ കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ ഇരുമ്പ് വല തകർത്ത് അകത്ത് കടന്ന് 600 ഇറച്ചിക്കോഴികളെ കൊന്നു.പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടിയിട്ടും വേണ്ട നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഇറച്ചി കടകളുടെയും മാർക്കറ്റുകളുടെയും ഹോട്ടലുകളുടെയും സമീപമാണ് നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത്. ഒട്ടേറെപ്പേർ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. വർധിച്ചു വരുന്ന നായശല്യത്തിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com