കറ്റാനം ∙ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഭരണിക്കാവ് തെക്ക് ലക്ഷ്മി ഭവനത്തിൽ ഉത്തമന്റെ (70) മരണകാരണം ശരീരത്തിലേറ്റ മുറിവുകളും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉത്തമന്റെ 2 മക്കൾ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഉത്തമനെ കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്ത ശേഷമാണ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്. ബലപ്രയോഗത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണു കരുതുന്നതെന്ന് കുറത്തികാട് എസ്എച്ച്ഒ പറഞ്ഞു. മക്കളായ ഉദയകുമാറും ഉല്ലാസും നിരീക്ഷണത്തിലാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.