ചെങ്ങന്നൂർ ∙ പിഐപി കനാലിൽ ഒഴുക്കിൽപെട്ട ഏഴാംക്ലാസ് വിദ്യാർഥികൾക്കു കെഎസ്ഇബി ജീവനക്കാർ രക്ഷകരായി. ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊല്ലകടവ് ആലക്കോട് ആഞ്ഞിലിച്ചുവട് ഭാഗത്താണു സംഭവം. കൊല്ലകടവ് നിവാസികളായ വിദ്യാർഥിനികളാണു വീടിനടുത്ത് കനാലിൽ ഒഴുക്കിൽപെട്ടത്. ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിലൂടെ ഒഴുകിപ്പോവുകയായിരുന്നു.
കനാലിനു സമീപം ചാഞ്ഞുകിടക്കുന്ന വൈദ്യുതി തൂണ് നിവർത്തുന്ന ജോലികൾക്കായി എത്തിയ കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ലൈൻമാൻ കെ.കെ.സുനിൽ, വർക്കർമാരായ വി. വിജേഷ്, എസ്.ബിനു എന്നിവർ നിലവിളി കേട്ട് ഓടിയെത്തി, കനാലിലേക്ക് എടുത്തുചാടി വിദ്യാർഥിനികളെ കരയ്ക്കെത്തിക്കുകയായിരുന്നു. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളില്ല.