ADVERTISEMENT

കുട്ടനാട് ∙ പുഞ്ചക്കൃഷി കഴിഞ്ഞ പാടത്തു വൈക്കോലിനു തീ പടർന്നതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തീ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ പാടശേഖരത്തിന്റെ പുറംതൂമ്പ് തുറന്നു വെള്ളം കയറ്റി. തൊഴിലുറപ്പു തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും ഇടപടലിനെ തുടർന്നു തീ കരയിലേക്കു പടരുന്നത് ഒഴിവാക്കി. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം പാടശേഖരത്തിലാണ് ഇന്നലെ രാവിലെ പത്തരയോടെ വൈക്കോലിനു തീപിടിച്ചത്. ശക്തമായ ചൂടും കാറ്റും കാരണം തീ വളരെവേഗം പടർന്നു കരയിലേക്കു വ്യാപിച്ചു.

ചമ്പക്കുളം പഞ്ചായത്ത് 2–ാം വാർഡിൽ പള്ളിക്കൂട്ടുമ്മയിലുള്ള ജല അതോറിട്ടിയുടെ വാട്ടർ ടാങ്കിനു സമീപം കയർ ഭൂവസ്ത്രം വിരിച്ചുകൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. തീ  പടരാതിരിക്കാൻ  കയർ ഭൂവസ്ത്രം തൊഴിലാളികൾ നീക്കം ചെയ്തു. ഓലയും വെള്ളവും ഉപയോഗിച്ചു തീയണയ്ക്കാനുള്ള പരിശ്രമങ്ങളും നാട്ടുകാർ നടത്തി. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് അധികൃതർ വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. പരാതിയെ തുടർന്നു ആലപ്പുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി തീ കരയിലേക്കു പടരാതിരിക്കാനുള്ള പ്രവർത്തനം നടത്തി. 

പാടശേഖര സമിതി ഉടൻ തന്നെ പുറംതൂമ്പുകൾ തുറന്നു പാടശേഖരത്തിലേക്കു വെള്ളം കയറ്റുകയായിരുന്നു.പാടശേഖരത്തിലെ   40 ഏക്കറോളം സ്ഥലത്തെ വൈക്കോൽ കത്തിയതായും കൃഷി കഴിഞ്ഞ പാടത്തെ വൈക്കോൽ നശിപ്പിക്കാൻ ആരോ തീയിട്ടതാണു തീപിടുത്തത്തിനു കാരണമെന്നും അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. ഫയർ അസി. എഎസ്ഐ ജോജി എൻ.ജോയ്, ഫയർമാൻമാരായ എൻ.സുഹൈബ്, ആർ.അമർജിത്ത്, എസ്.ശ്രീജിത്ത്, ഡ്രൈവർ ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി. വൈക്കോലിനു തീയിടരുതെന്നുള്ള കർശന നിർദേശമുള്ളപ്പോഴും വൈക്കോൽ നശിപ്പിക്കാൻ തീയിടൽ കുട്ടനാട്ടിൽ വ്യാപകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com