സ്രാങ്ക് ലൈസൻസ് നേടിയ എസ്. സന്ധ്യയുടെ വിഡിയോ ട്വീറ്റ് ചെയ്ത് നരേന്ദ്രമോദി
Mail This Article
പെരുമ്പളം ∙ ‘‘സ്ത്രീശക്തിക്കു നമസ്കാരം. ജലം, ഭൂമി, ആകാശം എന്നീ മണ്ഡലങ്ങളിൽ സ്ത്രീകൾ കീർത്തി കേൾപ്പിച്ചിട്ടുണ്ട്. വികസിത ഭാരതത്തിന്റെ നിർമാണത്തിൽ ഇത് നാഴികക്കല്ലായി മാറും’’. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ എസ്. സന്ധ്യയുടെ വിഡിയോ പങ്കുവച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞ വാക്കുകൾ. കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
44–ാം വയസ്സിലാണ് പെരുമ്പളം തുരുത്തേൽ എസ്.സന്ധ്യ തന്റെ സ്വപ്നമായ സ്രാങ്ക് ലൈസൻസ് സ്വന്തമാക്കുന്നത്. താൻ ബോട്ട് ഓടിക്കുന്ന വിഡിയോ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് തന്റെ ജീവിതത്തിൽ ലഭിച്ച എറ്റവും വലിയ അംഗീകാരമാണെന്നു സന്ധ്യ പറയുന്നു.തിങ്കൾ വൈകിട്ടാണു ട്വീറ്റ് കണ്ടത്. 226 എച്ച്പി വരെയുള്ള ജലയാനങ്ങൾ ഓടിക്കാനുള്ള ലൈസൻസാണു സന്ധ്യ സ്വന്തമാക്കിയത്. ഹൗസ്ബോട്ട്, യാത്രാബോട്ട് തുടങ്ങിയവയും ഇതിൽപെടും. സ്രാങ്ക് ജോലിക്കായുള്ള ശ്രമത്തിലാണിപ്പോൾ.