ADVERTISEMENT

മാവേലിക്കര ∙ ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത 2 പേരെ അറസ്റ്റ് ചെയ്തു. ബിഎസ്‌സി നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് 5.31 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂർ കാളികാവ് പൂവത്തിക്കൽ വീട്ടിൽ ആഷിഖ് അഹമ്മദ് (29), തിരുവനന്തപുരം തിരുവല്ലം നിരപ്പിൽ കൃഷ്ണ കൃപ വീട്ടിൽ എൽ.ബി.ബീന എന്നിവരെയാണു സിഐ: സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ബിഎസ്‌സി നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ആഷിഖ് അഹമ്മദ് മാവേലിക്കര സ്വദേശിനിയുടെ പിതാവിനെ ബന്ധപ്പെട്ടു. 

പിതാവിനെയും പെൺകുട്ടിയെയും ഒറ്റപ്പാലത്ത് കൊണ്ടുപോയി കോളജും ഹോസ്റ്റലും കാണിച്ചു. ആദ്യ ഗഡുവായി ഒന്നര ലക്ഷം രൂപ കൈപ്പറ്റി. തുടർന്ന് കോളജ് സ്റ്റാഫ് എന്ന വ്യാജേന ബീന പെൺകുട്ടിയുമായി സംസാരിച്ചു. കോളജിന്റെ ലോഗോ വച്ച് ഇമെയിൽ സന്ദേശങ്ങൾ ബീന അയച്ചു. ബീന  പെൺകുട്ടിയുടെ മാവേലിക്കരയിലെ വീട്ടിലെത്തി ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് തവണകളായാണു മൊത്തം തുകയും കൈപ്പറ്റിയത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവേശനം  കിട്ടാത്തതിനാൽ പെൺകുട്ടി  കോളജിൽ വിളിച്ചപ്പോൾ പ്രവേശനം പൂർത്തിയായി ക്ലാസ്  തുടങ്ങിയെന്നു അറിഞ്ഞു. തുടർന്നു പൊലീസിൽ പരാതി നൽകി.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ സി.പ്രഹ്ലാദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, പി.കെ. റിയാസ്, സിവിൽ പൊലീസ് ഓഫിസർ എസ്.സിയാദ് എന്നിവരുൾപ്പെടുന്ന സംഘമാണു മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.  വസ്തു വിറ്റും വായ്പ എടുത്തുമാണു  പെൺകുട്ടിയുടെ കുടുംബം പണം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com