കലക്ടറായി ഹരിത വി.കുമാർ നാളെ ചുമതലയേൽക്കും; ആലപ്പുഴ ജില്ലയുടെ ഭരണം ഇനി വനിതകളുടെ കൈകളിൽ

ഹരിത വി.കുമാർ
SHARE

ആലപ്പുഴ∙ കലക്ടറായി ഹരിത വി.കുമാർ നാളെ   ചുമതലയേൽക്കുന്നതോടെ ജില്ലയുടെ ഭരണം വനിതകളുടെ കൈകളിൽ.  കലക്ടറെ കൂടാതെ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,  ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവരാണ് ആലപ്പുഴയിലെ ‘പെൺതാരങ്ങൾ’. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ഹരിത, ആ ജോലി ഉപേക്ഷിച്ചു നടത്തിയ പരിശ്രമത്തിലാണു 2012ൽ ഒന്നാം റാങ്കോടെ ഐഎഎസ് നേടിയത്. ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം എന്നിവ പഠിച്ചിട്ടുണ്ട്. സിനിമകളിലും വേദികളിലും ഗാനമാലപിച്ചിട്ടുണ്ട്.

അഞ്ചാം ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ചാണ് ചൈത്ര തെരേസ ജോൺ 2015ൽ ഐപിഎസ് നേടിയത്. വർഷങ്ങളായി ജനങ്ങൾക്കൊപ്പം നിന്നു നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണു കെ.ജി.രാജേശ്വരിയെ തേടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനമെത്തിയത്. ഇവരെ കൂടാതെ കായംകുളം എംഎൽഎ യു.പ്രതിഭയും അരൂർ എംഎൽഎ ദലീമ ജോജോയും വനിതാ സംഘത്തിൽ മുന്നണിയിലുണ്ട്. ആലപ്പുഴ നഗരസഭയ്ക്കു പുറമേ, ചേർത്തല, ചെങ്ങന്നൂർ, കായംകുളം നഗരസഭകളിലും അധ്യക്ഷ സ്ഥാനത്തു വനിതകളാണ്.

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ, ജില്ലാ സപ്ലൈ ഓഫിസർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ എൻവയൺമെന്റൽ എൻജിനീയർ, ജില്ലാ സോയിൽ സർവേ ഓഫിസർ തുടങ്ങിയ പ്രധാന തസ്തികകളിലും വനിതകളാണുള്ളത്. ജില്ലാ ഭരണകേന്ദ്രം ഉൾപ്പെടുന്ന അമ്പലപ്പുഴ തഹസിൽദാരും വനിതയാണ്. ഏതാനും വർഷം മുൻപ്  കലക്ടറും എസ്പിയും ഉൾപ്പെടെ 18 വകുപ്പുകളുടെ ജില്ലാതല മേധാവിമാരായി വനിതകളെത്തിയിരുന്നു.

ഹരിത വി.കുമാർ നാളെ ചുമതലയേൽക്കും 

ജില്ലയുടെ 56 –ാമത്  കലക്ടറായി ഹരിത വി.കുമാർ നാളെ  ചുമതലയേൽക്കും. ഇന്നു വൈകിട്ടോടെ ഹരിത ജില്ലയിലെത്തും.  കലക്ടറായിരുന്ന വി.ആർ.കൃഷ്ണതേജ തൃശൂരിലേക്കു സ്ഥലം മാറിയ ഒഴിവിലാണു ഹരിത എത്തുന്നത്. അദ്ദേഹം ഇന്നലെ തൃശൂരിൽ ചുമതലയേറ്റു. ഹരിത മുൻപ് തൃശൂർ  കലക്ടറായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA