കായംകുളം∙ താലൂക്കാശുപത്രിയിൽ അക്രമാസക്തനായ രോഗിയുടെ ആക്രമണത്തിൽ ഹോംഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. വയറിന് കുത്തേറ്റ ഹോംഗാർഡ് ആറാട്ടുപുഴ വട്ടച്ചാൽ ആതിരഭവനത്തിൽ വിക്രമൻ(55), സെക്യൂരിറ്റി ജീവനക്കാരൻ കൃഷ്ണപുരം മേനാത്തേരി സ്വദേശി മധു(45) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 3.30 ന് ആണ് സംഭവം. കാലിൽ മുറിവേറ്റ് ചികിത്സ തേടി എത്തിയ കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശി ദേവരാജനാണ്(60) ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ പൊലീസുകാരായ ശിവൻപിള്ള, ശിവകുമാർ എന്നിവർക്കും പരുക്കേറ്റു. മുറിവ് പരിശോധിക്കുന്നതിനിടെ ദേവരാജൻ പ്രകോപനമൊന്നും കൂടാതെ നഴ്സിങ് റൂമിൽ അതിക്രമിച്ചു കടന്ന് കത്രിക കൈക്കലാക്കുകയായിരുന്നു.
കത്രിക കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെയും ഡോക്ടറെയും ഭീഷണിപ്പെടുത്തി. ഇയാളെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഹോംഗാർഡിനെയും സുരക്ഷാ ജീവനക്കാരനെയും കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. മധുവിന്റെ കൈക്കും വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. വിക്രമനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തിയാണ് ദേവരാജനെ കീഴ്പ്പെടുത്തിയത്. ഇയാൾ താലൂക്കാശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.