ADVERTISEMENT

ആലപ്പുഴ ∙ നെൽക്കർഷകർക്ക് കൂലിച്ചെലവിനു 1.25 കോടി രൂപ സബ്സിഡി നൽകുമെന്നു പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വീട്ടമ്മമാർക്ക് ഡിജിറ്റൽ സേവനങ്ങളിൽ അറിവും പരിശീലനവും നൽകുന്ന സ്മാർട്ട് വുമൺ പദ്ധതിക്ക് 10 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് 9.36 കോടി രൂപയും സ്കൂളുകൾ ഹൈടെക് ആയി മാറ്റാൻ 4 കോടിയും ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 2.5 കോടിയും നീക്കിവച്ച 2023–24 ബജറ്റിൽ 124.74 കോടി രൂപ വരവും 122.98 കോടി രൂപ ചെലവും 1.76 കോടിരൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

ഭൂമിക എന്നു പേരിട്ട ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു അവതരിപ്പിച്ചു.പ്രസി‍ഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം തന്നെ നടപ്പാക്കാൻ കഴിഞ്ഞെന്നു പ്രസിഡന്റ് പറഞ്ഞു. ലൈഫ് പദ്ധതിക്ക് 10 കോടിയിലേറെ രൂപ ചെലവഴിച്ചു. വിവിധ മേഖലകളിൽ 2000 ത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകിയെന്നും ഭൂമികയുടെ പ്രകാശനം നിർവഹിച്ച് പ്രസിഡന്റ് പറഞ്ഞു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ നിരാശാജനകം: കോൺഗ്രസ്

ആലപ്പുഴ ∙ ജില്ലാ പഞ്ചായത്തിന്റേത് നിരാശാജനകമായ ബജറ്റെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺ തോമസ് ആരോപിച്ചു. ഈ സാമ്പത്തിക വർഷം 85% ധനവിനിയോഗം നടത്തിയെന്നത് ശരിയല്ല.പദ്ധതി വിഹിതം 6 കോടി സർക്കാർ പിൻവലിച്ചു. ബ്രഹ്മപുരത്തെ മാലിന്യഭീഷണി ആലപ്പുഴയെ ബാധിക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുമ്പോൾ ഭൂമിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന യാതൊരു പദ്ധതിയും ബജറ്റ് നിർദേശത്തിലില്ല.

കർഷകന്റെ നെല്ലിന് താങ്ങുവില കൊടുക്കാൻ പദ്ധതിയില്ല. മുൻ ബജറ്റിൽ നെടുമുടി വേണുവിനും കെപിഎസി ലളിതയ്ക്കും സ്മാരകം പണിയുമെന്നു പറഞ്ഞിട്ട് ചെയ്യാത്തവരാണ് ഇത്തവണ തോപ്പിൽ ഭാസിക്കും എസ്.എൽ.പുരം സദാനന്ദനും സ്മാരകം നിർമിക്കുമെന്നു പ്രഖ്യാപിക്കുന്നത്.

ഈ വർഷം നടപ്പാക്കേണ്ടിയിരുന്ന ഡയാലിസിസ് പദ്ധതി അട്ടിമറിച്ച ഉദ്യോഗസ്ഥർ സുരക്ഷിതരായി തുടരുമ്പോൾ വീണ്ടും ഇതേ പദ്ധതി നടപ്പാക്കുമെന്നു എങ്ങനെ ഉറപ്പിക്കും. അതേ സമയം വനിതാ ശിശു വികസനത്തിന് ചില നല്ല പദ്ധതികൾ നിർദേശിച്ചിട്ടുണ്ടെന്നും ജോൺ      തോമസ് പറഞ്ഞു. 

സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്.താഹ, എ.ശോഭ, എം.വി.പ്രിയ, വത്സല, അംഗങ്ങളായ ബിനു ഐസക് രാജു, സജിമോൾ ഫ്രാൻസിസ്, പി.എസ്.ഷാജി, എൻ.എസ്.ശിവപ്രസാദ്, കെ.ജി.സന്തോഷ്, ആർ.റിയാസ്, സെക്രട്ടറി കെ.ആർ.ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

∙ കാർഷിക മേഖല 5.95 കോടി

∙ മത്സ്യബന്ധനം 1.61 കോടി

∙ മൃഗസംരക്ഷണം  ക്ഷീരവികസനം 1.61 കോടി

∙ പ്രാദേശിക സാമ്പത്തിക വികസനം 3.5 കോടി

∙ പാർപ്പിടം 9.71 കോടി സാമൂഹികക്ഷേമം 3.6 കോടി

∙ വനിതാ ശിശു വികസനം 3.81 കോടി

∙ വിദ്യാഭ്യാസം 13.19 കോടി

∙ സാംസ്കാരിക പ്രവർത്തനങ്ങൾ 1 കോടി

∙ ആരോഗ്യം 6.15 കോടി

∙ കുടിവെള്ളം ശുചിത്വം 9.3 കോടി

∙ പൊതു പദ്ധതികൾ 5.67 കോടി

∙ ഊർജം 3.13 കോടി

∙ ഗതാഗതം 9.27 കോടി

∙ പട്ടികജാതി വികസനം 15.07 കോടി

∙ പട്ടികവർഗ വികസനം 65.24 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com