മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു കാലത്തിനു തുടക്കം. പല കാലയളവിലാണ് ഇക്കുറി മാന്നാർ, ചെന്നിത്തല പാടശേഖരങ്ങളിൽ വിതച്ചതും നട്ടതും. ഒരാഴ്ച മുൻപ് മാന്നാർ ഇടപുഞ്ച കിഴക്ക് പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങി, 3 ദിവസം മുൻപ് പൂർത്തിയായി. എന്നാൽ ഇവിടങ്ങളിൽ നിന്നും നെല്ലെടുത്തു കൊണ്ടു പോയിട്ടില്ല. വേനൽ മഴയെത്തിയാൽ നെല്ലു നനയുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. മാന്നാർ പാവുക്കര പന്തളാറ്റിൽ ചിറയിലെ നെൽപ്പാടമാണ് ഏറ്റവും അടുത്ത ദിവസം കൊയ്യുന്നത്.
ഇവിടെ മുഴുവൻ നെല്ലും കൊയ്ത്തിനു പാകമായി. മറ്റു പാടശേഖരങ്ങളിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കൊയ്യാനാവൂ. ഇതിനിടെ കഴിഞ്ഞ ദിവസം കാറ്റിൽ വരിനെല്ലു വീണിട്ടുണ്ട്. നല്ല നെല്ലിനു മുകളിലേക്കാണ് ഇതു വീണു കിടക്കുന്നത്. ഇതു കർഷകർക്കു തിരിച്ചടിയാണ്. അമിതമായ കൊയ്ത്തു കൂലിയാണ് സ്വകാര്യ ഏജൻസികൾ വാങ്ങുന്നത് എന്നാണ് കർഷകരുടെ ആരോപണം. മണിക്കൂറിനു 1800 രൂപയാണ് സർക്കാർ നിശ്ചയിച്ചത്. എന്നാൽ തമിഴ്നാട്ടിൽ നിന്നെത്തിച്ചിട്ടുള്ള കൊയ്ത്ത് യന്ത്രങ്ങൾക്ക് 2000 രൂപ വേണമെന്നു ശഠിക്കുന്നതായി കർഷകർ പറഞ്ഞു. ഏകീകൃത കൂലി വേണമെന്നാണ് കർഷകരുടെ ആവശ്യം.