അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിൻവാതിൽ നിയമന വിവാദത്തിൽ സിപിഐക്ക് ബന്ധമില്ലെന്ന് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ അറിയിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ ലിസ്റ്റ് പ്രകാരമാണു ജോലി നൽകിയത്. ആശുപത്രിയിലെ ഒരു നിയമന കാര്യത്തിലും സിപിഐ ഇടപെടാറില്ലെന്നും ജയൻ പറഞ്ഞു.ആശുപത്രിയിൽ അനധികൃത നിയമനങ്ങളൊന്നും നടക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
സിടി സ്കാനിങ് വിഭാഗത്തിൽ ജോലി ലഭിച്ച യുവതി സിപിഐ നേതാക്കൾക്കും സൂപ്രണ്ടിനും നന്ദി അറിയിച്ച് അയച്ച വാട്സാപ് സന്ദേശം വിവാദമായിരുന്നു. ആശുപത്രിയിൽ പിൻവാതിൽ നിയമനം വ്യാപകമായി നടക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണു സന്ദേശം പ്രചരിച്ചത്.‘സിടി സ്കാനിങ് വിഭാഗത്തിൽ ഞാനിന്ന് ജോലിയിൽ പ്രവേശിച്ചു. എനിക്ക് ജോലി വാങ്ങിച്ചു തന്ന നേതാക്കൾക്കും എനിക്കു വേണ്ടി സൂപ്രണ്ടിനോടു സംസാരിച്ചു ജോലി വാങ്ങിച്ചു തന്നതിനു നേതാക്കളോടും ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും യൂണിയനോടും സ്വന്തം പേരിലും യൂണിയന്റെ പേരിലും നന്ദി അറിയിക്കുന്നു’ എന്നാണു സന്ദേശത്തിലുള്ളത്.