ആലപ്പുഴ ∙ നിറയെ യാത്രക്കാരുണ്ടായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻഭാഗം സ്പീഡ് ബോട്ട് ഇടിച്ച് തകർന്നു. യാത്രക്കാരെ സുരക്ഷിതരായി കരയിൽ ഇറക്കി. തേക്ക് തടിയിൽ പണിത ബോട്ടിന്റെ മുൻഭാഗത്താണു സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. സർവീസ് മുടങ്ങിയതിനെ തുടർന്നു മറ്റൊരു ബോട്ട് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 7.25ന് വേമ്പനാട്ടു കായലിൽ നെഹ്റു ട്രോഫി ബോട്ടുജെട്ടിക്കു സമീപമായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നു കാവാലം – കൃഷ്ണപുരത്തിനു പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.
യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിക്കുന്നത് ആദ്യ സംഭവമാണ്. യാത്രാ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, നാട്ടുകാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് വൈകിട്ട് 6ന് ശേഷം സ്പീഡ് ബോട്ടുകൾ യാത്ര നടത്തരുതെന്നു കലക്ടറുടെ ഉത്തരവുണ്ട്. സ്പീഡ് ബോട്ട് ഉടമ പുന്നമൂട്ടിൽ അനിലിനെതിരെ ജല ഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് നോർത്ത് പൊലീസിൽ പരാതി നൽകി. ഇയാൾ ജലഗതാഗത വകുപ്പ് ഡ്രൈവർ ആണെന്നും ഇരുകൂട്ടരും തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനാൽ കേസ് എടുത്തില്ലെന്നും നോർത്ത് പൊലീസ് പറഞ്ഞു. ജെട്ടിയിൽ നിന്നു യാത്രക്കാരെ കയറ്റി ഓടിത്തുടങ്ങിയപ്പോഴാണ് സ്പീഡ് ബോട്ട് ഇടിച്ചതെന്നു ബോട്ട് ജീവനക്കാർ പറഞ്ഞു.
സ്പീഡ് ബോട്ട് ഡ്രൈവർ തെറിച്ചു കായലിൽ വീണെങ്കിലും രക്ഷപ്പെട്ടു. നോർത്ത് പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബോട്ടിന് 1.5 ലക്ഷത്തിലേറെ രൂപയുടെ നാശം സംഭവിച്ചു. ജലഗതാഗത വകുപ്പിന്റെ വർക്‌ഷോപ്പിൽ കയറ്റിയ ബോട്ട് രണ്ട് ദിവസത്തിനകം പണിതിറക്കും. അതേസമയം, ലൈസൻസ് എടുത്തതും ഇല്ലാത്തതുമായ 100 ലേറെ സ്പീഡ് ബോട്ടുകൾ വേമ്പനാട്ട് കായലിലും പുന്നമടക്കായലിലും അപകടം വരുത്തുന്ന നിലയിൽ ഓടുന്നുണ്ട്.
കായലിൽ ആങ്കർ ചെയ്യുന്ന ഹൗസ് ബോട്ടുകളിലെ ടൂറിസ്റ്റുകളെ കയറ്റി മണിക്കൂറിന് 2000 മുതൽ 4000 രൂപ വാങ്ങി കായലിൽക്കൂടി സാഹസ ഓട്ടം നടത്തി തിരികെ എത്തിക്കുന്നതാണ് സ്പീഡ് ബോട്ടുകൾ അധികവും ചെയ്യുന്നത്. ഹൗസ് ബോട്ടുകളുടെയും യാത്രാ ബോട്ടുകളുടെയും മധ്യേ കൂടി സാഹസ ഓട്ടം നടത്തുന്നത് നിരോധിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും ജലഗതാഗത വകുപ്പ് ജീവനക്കാർ പറഞ്ഞു. വൈകിട്ട് 6ന് ശേഷം അതിവേഗം പാടില്ലെന്നു കലക്ടറുടെ ഉത്തരവ് ഉള്ളതാണ്.