ADVERTISEMENT

പൂച്ചാക്കൽ ∙ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ നടപടികൾ ഉൗർജിതമായി തുടരുന്നു. പ്രധാന കെട്ടിടം പൊളിക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ മുകളിൽ നിന്നുള്ള നല്ലൊരുഭാഗം പൊളിച്ചിട്ടുണ്ട്. 28ന് മുൻപ് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി കായലും പരിസരവും പൂർവസ്ഥിതിയിലാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇതിന് അനുവദിച്ച സമയം ഇന്നു (27) തീരും.

പ്രധാന കെട്ടിടങ്ങളുടെ മേൽക്കൂരകളും അവിടെയുള്ള വാച്ച് ടവറും പൊളിക്കൽ ഇന്ന് പൂർത്തിയായേക്കും. താഴേക്കുള്ള ഭാഗങ്ങളും പൊളിച്ച് തീർത്ത്, മാലിന്യം നീക്കി പൂർവസ്ഥിതിയിലാക്കുന്നത് അൽപ്പം വൈകിയേക്കുമെന്നാണ് സൂചന. ദൃഢമായുള്ള കൺസീൽഡ് സ്റ്റീൽ നിർമിതികൾ അടക്കമാണ് കൂടുതലുള്ളത്. ഇതിനാലാണ് പൊളിക്കുന്നതിന് കാലതാമസം നേരിടുന്നതത്രേ.

ഇന്നു തന്നെ കെട്ടിടം പൂർണമായും ഉപയോഗശൂന്യമാക്കും. ഇവ കോടതിയെ അറിയിക്കാനാണ് അധികൃതരുടെ നീക്കം. തുടർന്നും പൊളിക്കൽ നടത്തി പൂർവസ്ഥിതിയിലാക്കും. കിഴക്കുവശം കായലിനോട് ചേർന്നതായതിനാൽ പടിഞ്ഞാറ് ഭാഗം മുതലാണ് പൊളിച്ചു തുടങ്ങിയിരിക്കുന്നത്. അവശിഷ്‌ടങ്ങൾ കായലിൽ വീഴാനും പാടില്ല. സബ് കലക്ടർ സൂരജ് ഷാജി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

തൽസമയ വിവരങ്ങൾ കലക്ടർ ഹരിത വി. കുമാറും ശേഖരിച്ച് സർക്കാരിനെ അറിയിക്കുന്നുണ്ട്. റവന്യു, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ദിവസവും എത്തി വിലയിരുത്തുന്നുണ്ട്. അറുപതോളം തൊഴിലാളികൾ റിസോർട്ടിലുണ്ട്. രാത്രിയിലും പൊളിക്കൽ നടക്കുന്നു. ശനിയാഴ്ച വൈകിട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി റിസോർട്ടിലെത്തി പൊളിക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com