ADVERTISEMENT

പുന്നപ്ര ∙ വെള്ളക്കെട്ടിൽ വീണു മരിച്ച അദ്വൈതിനും അനന്തുവിനും മാതാവ് അശ്വതിയുടെ അരികിൽ അന്ത്യനിദ്ര. പറവൂർ തൈവെളിയിൽ അനിൽകുമാറിന്റെയും പരേതയായ അശ്വതിയുടെയും മക്കളായ അദ്വൈതും അനന്തുവുമാണു ശനിയാഴ്ച പറവൂർ കിഴക്ക് കുറുവപാടം പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

അദ്വൈതിന്റെയും അനന്തുവിന്റെയും മൃതദേഹങ്ങൾ പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെത്തിച്ചപ്പോൾ  വിതുമ്പുന്നവർ.
അദ്വൈതിന്റെയും അനന്തുവിന്റെയും മൃതദേഹങ്ങൾ പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെത്തിച്ചപ്പോൾ വിതുമ്പുന്നവർ.

ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിൽ പൊതു ദർശനത്തിന് വച്ചു. തുടർന്നു ഉച്ചയ്ക്ക് 12.30ന് തൈവെളിയിലെ കുടുംബവീട്ടിൽ പൊതു ദർശനത്തിനു വച്ചു. ഒന്നരയോടെ അദ്വൈതിന്റെയും അനന്തുവിന്റെയും ചിതയൊരുക്കിയത് 8 വർഷം മുൻപു അസുഖം ബാധിച്ചു മരിച്ച മാതാവ് അശ്വതിയുടെ സ്മൃതികുടീരത്തിനടുത്താണ്.

പൊന്നുമക്കളുടെ മൃതദേഹങ്ങളിൽ അനിൽകുമാർ കെട്ടിപ്പിടിച്ചു കരഞ്ഞ കാഴ്ച നാടിനെ തീരാദുഃഖത്തിലാഴ്ത്തി. അദ്വൈതിനെയും അനന്തുവിനെയും ലാളിച്ചു വളർത്തിയ അനിൽകുമാറിന്റെ മാതാപിതാക്കളായ അനിരുദ്ധന്റെയും വിജയമ്മയുടെയും നിലവിളി കണ്ടു  നിന്നവർക്കും കരച്ചിലടക്കാനായില്ല. സഹോദരങ്ങൾക്കു യാത്രാമൊഴി ചൊല്ലാൻ നാടൊന്നാകെയാണു ഒഴുകിയെത്തിയത്. എ.എം.ആരിഫ് എംപി, എച്ച്.സലാം എംഎൽഎ, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹമീദ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

കൂട്ടനിലവിളിക്കിടെ സ്കൂളിൽ പൊതുദർശനം

പുന്നപ്ര ∙ സ്കൂളിൽ ഒരുമിച്ചു വന്ന് ക്ലാസ് കഴിഞ്ഞു ഒരുമിച്ചു തിരികെ പോയിരുന്ന സഹോദരങ്ങൾ മരണത്തിലും ഒന്നിച്ചായി. കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു നടന്ന പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂൾ അങ്കണത്തിലേക്കു അദ്വൈതിന്റെയും അനന്തുവിന്റെയും

മൃതദേഹങ്ങൾ എത്തിച്ചപ്പോൾ സഹപാഠികളുടെയും അധ്യാപകരുടെയും കൂട്ട നിലവിളി മാത്രമായിരുന്നു സ്കൂൾ അങ്കണത്തിൽ. 6 ബിയിൽ പഠിച്ചിരുന്ന അനന്തുവിന്റെ ക്ലാസ് ടീച്ചർ റോഷ്നിയും 8 ബിയിൽ പഠിച്ചിരുന്ന അദ്വൈതിന്റെ ക്ലാസ് ടീച്ചർ ടിസിയും ഇരുവരുടെയും കവിളിൽ ഉമ്മവച്ച് ഏങ്ങലടിച്ചു കരഞ്ഞതു കൂടിന്നിന്നവരെ ദുഃഖത്തിലാഴ്ത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. ആനന്ദൻ, സ്കൂളിലെ പ്രധാന അധ്യാപിക ഡാനി നെറ്റോ, മാനേജർ ഫാ. ജോർജ് കിഴക്കേവീട്ടിൽ, പിടിഎ പ്രസിഡന്റ് സിബി ഡാനിയേൽ, മദർ പിടിഎ പ്രസിഡന്റ് വെറോണി സൈമൺ എന്നിവരും  ആദരാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com