ADVERTISEMENT

ചെങ്ങന്നൂർ ∙ വ്രതപുണ്യം പകർന്ന വിശുദ്ധിയിൽ മഞ്ഞളിൽ നീരാടി പിണിയാളുകൾ, മുത്തുമാരിയമ്മയ്ക്കു കാണിക്കയായി മഞ്ഞൾനീരാട്ട്. വണ്ടിമല ദേവസ്ഥാനത്ത് ഇക്കൊല്ലത്തെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ചാണു മഞ്ഞൾനീരാട്ട് നടന്നത്. ശിവരാത്രി നാൾ മുതൽ കാപ്പുകെട്ടി വ്രതമനുഷ്ഠിച്ച 28 പിണിയാളുകൾ ഗുരുസ്വാമി നടേശൻ ആചാരിയുടെ അനുഗ്രഹം വാങ്ങി പൂപ്പട വാരിയെറിഞ്ഞ് ഉറഞ്ഞു തുള്ളി, കമുകിൻ പൂക്കുലയേന്തി വെട്ടിത്തിളയ്ക്കുന്ന മഞ്ഞൾ നീരിൽ നീരാടി.

മുത്താരമ്മൻ താരാട്ട് പാട്ടും പമ്പമേളവും അകമ്പടിയേകി. ഭക്തജനങ്ങളുടെ വഴിപാട് വാർപ്പുകൾ ഉൾപ്പടെ 28 ചെറുതും വലുതുമായ വാർപ്പുകളിൽ മഞ്ഞൾപൊടി, അഷ്ടഗന്ധം, വെരുകിൻ പുഴു, അത്തർ, പനിനീർ ഉൾപ്പടെ 301 കിലോയോളം സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചതായി സംഘാടകർ പറഞ്ഞു. മഞ്ഞൾ കുങ്കുമവും പനിനീരും അത്തറും പ്രത്യേകം അനുപാതത്തിൽ എള്ളെണ്ണയിൽ ചാലിച്ച മിശ്രിതമായ മഞ്ചണയും പൂക്കുല അംശവും പായസവും പ്രസാദമായി നൽകി. മഞ്ഞൾ നീരാട്ടിന് ശേഷം കഞ്ഞിവീഴ്ത്തും നടന്നു.

ശേഷം നടയടച്ചു. ഇനി നാളെയേ നട തുറക്കൂ. നാളെ ഷഷ്ഠി ദിനം പ്രമാണിച്ചു സുബ്രഹ്‌മണ്യ നടയിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. പ്രസിഡന്റ് ടി.സി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പി.എൻ.കുമാരസ്വാമി, ട്രഷറർ എം. മനുകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.എൻ.അനന്തകൃഷ്ണൻ, ഗിരീഷ് നടരാജൻ, ജനറൽ കൺവീനർ കെ.ആർ. ശ്രീരാജ്, കൺവീനർമാരായ എം.സി. അനിൽകുമാർ, എ.പ്രമോദ്, എം.ബി. മനു, എസ്. സുജി, ടി.എസ്. സുനിൽകുമാർ, ശരത് ഗോപി, ടി.എം. ബിജു എന്നിവർ ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com