ADVERTISEMENT

കുട്ടനാട് ∙ പാലം നിർമാണത്തിന്റെ പേരിൽ നീരൊഴുക്കുള്ള പൊതു ജലാശയം അടച്ചു. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 6, 7 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പുളിങ്കുന്ന് പഞ്ചായത്തു ഓഫിസു സമീപം നിർമിക്കുന്ന പുത്തൻതോട് പാലത്തിനായിട്ടാണു തോട്ടിലെ നീരൊഴുക്കു തടസ്സപ്പെടുത്തി മുട്ടു നിർമിച്ചത്. നീരൊഴുക്കു നിലച്ചതോടെ പോളയും മാലിന്യവും നിറഞ്ഞു. പുളിങ്കുന്ന് മണിമല ആറ്റിൽ നിന്നു കാവാലത്തേക്കുള്ള പ്രധാന ജലപാതയാണു പുത്തൻ തോട്.

കായൽ മേഖലയിലടക്കം കൃഷിക്കും മറ്റുമായി പോകുന്നവർ ജലഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പ്രധാന പാതകൂടിയാണിത്. പാലം നിർമാണത്തിനായി മുട്ട് ഇട്ടതോടെ ജലഗതാഗതം പൂർണമായി തടസ്സപ്പെട്ടതു കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പുത്തൻതോട്ടിലൂടെയുള്ള ജലഗതാഗതം മുടങ്ങിയതോടെ പുളിങ്കുന്ന്, കായൽപ്പുറം, മങ്കൊമ്പ് അടക്കമുള്ള ഭാഗങ്ങളിൽ നിന്നു കായൽവ മേഖലയിലേക്കു പോകേണ്ടവർ കിലോമീറ്ററുകൾ ചുറ്റി കറങ്ങി സഞ്ചരിക്കേണ്ട ഗതികേടിലെത്തി.

തോടിന് ഇരുവശവും താമസിക്കുന്ന ആളുകൾ കുളിക്കാനും അലക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നീരൊഴുക്കു നിലച്ചു പോള നിറഞ്ഞതോടെ തോട്ടിലെ വെള്ളം പോലും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ശുദ്ധജലം ലഭിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ തോട്ടിലെ വെള്ളം ഉപയോഗിക്കുന്ന ആളുകൾക്കു ദേഹത്തു ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട്.

പുത്തൻതോടിന്റെ ഇരുവശങ്ങളിലുമായി പല പാടശേഖരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പുഞ്ചകൊയ്ത്തിനുശേഷം പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോൾ വൈക്കോൽ ചീഞ്ഞുള്ള മലിനജലം നീരൊഴുക്കു നിലച്ച തോട്ടിലേക്കു തന്നെ പമ്പിങ് നടത്തേണ്ടിവരും. ഇതോടെ തോട്ടിലെ ജലം തീർത്തും മലിനമായി വെള്ളം ഉപയോഗിക്കുന്ന ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നിർമാണത്തിന്റെ ഭാഗമായി 4 മാസത്തോളമായി തോട് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 2 മാസമായി ഇവിടെ കാര്യമായ നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിൽ ഇടപെട്ടു പാലം നിർമാണം വേഗത്തിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com