ADVERTISEMENT

മാവേലിക്കര ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി. ആലപ്പുഴ മുല്ലക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷർനാസ് അഷ്റഫ് സമർപ്പിച്ച ജാമ്യാപേക്ഷയാണു കോടതി തള്ളിയത്. കഴിഞ്ഞ 14 മാസമായി തടവിൽ കഴിയുകയാണ്, കുറ്റകൃത്യത്തിൽ നേരിട്ടു ഉൾപ്പെട്ടിട്ടില്ല, കേസിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല, അന്വേഷണം നേരിടുന്ന മറ്റു ചില പ്രതികൾ മുൻപു ജാമ്യത്തിൽ ഇറങ്ങി തുടങ്ങിയ കാരണങ്ങളാണു ജാമ്യത്തിനായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ മുൻപു ജാമ്യം ലഭിച്ച പ്രതികളുടെ പേരിലുള്ള ആരോപണമല്ല ഷർനാസിന് എതിരെയുള്ളതെന്നും മറ്റു പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പതിനഞ്ചാം പ്രതി സൂത്രധാരനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട ക്യാമറ ദൃശ്യങ്ങളുടെ ക്ലോൺ ചെയ്ത പകർപ്പ് പ്രതികൾക്കു നൽകുന്നതിനായി ഫൊറൻസിക് ലാബിൽ നിന്നും മാവേലിക്കര സെഷൻസ് കോടതിയിൽ എത്തിച്ചിട്ടുണ്ട്. കേസിലെ 15 പ്രതികളെയും കനത്ത സുരക്ഷയിൽ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. കേസിന്റെ വിസ്താരം ആരംഭിക്കുന്നതിനായി 31നു കേസ് വീണ്ടും കോടതി പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com