ആലപ്പുഴ ∙ മലേഷ്യയിൽ ജോലി തട്ടിപ്പിനിരയായവർക്കു പണം തിരികെ നൽകാമെന്ന വാഗ്ദാനം റിക്രൂട്ടിങ് ഏജൻസി പാലിച്ചില്ലെന്ന് പരാതി. തട്ടിപ്പിനിരയായ 7 പേരാണു 3 മാസം മുൻപു തിരിച്ചെത്തിയത്, ഇവരിൽ രണ്ടു പേർ മാത്രമാണു കേസ് നൽകിയിട്ടുള്ളത്. എളമക്കര സ്റ്റേഷനിലാണു കേസ് നൽകിയത്. യുവാക്കൾ തിരികെയെത്തിയപ്പോൾ മാർച്ചിൽ പണം തിരികെ നൽകാമെന്നാണു ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തു പ്രവർത്തിച്ചിരുന്ന റിക്രൂട്ടിങ് ഏജൻസി പറഞ്ഞിരുന്നത്.
ഈ പ്രലോഭനത്തിൽ വീണവർ ഇതുവരെ കേസ് നൽകിയിട്ടുമില്ല. രണ്ടു ലക്ഷത്തോളം രൂപ വീതമാണു വീസയ്ക്കും മറ്റുമായി ഏജൻസി വാങ്ങിയത്. അടുത്ത ദിവസങ്ങളിൽ വരെ മെസേജ് അയച്ചിരുന്ന ഏജൻസിയുടമകളെ ഇപ്പോൾ ഫോൺ വിളിച്ചാൽ കിട്ടുന്നില്ലെന്നും നാടുവിട്ടതായി സംശയമുണ്ടെന്നും ഇരകൾ പറയുന്നു.ശരിയായ വീസയും തൊഴിൽ പെർമിറ്റും ഇല്ലാതെ വന്നതോടെയാണു യുവാക്കൾ മലേഷ്യയിൽ കുടുങ്ങിയത്.
മ്യാൻമർ തട്ടിപ്പിൽ അന്വേഷണം ഇഴയുന്നു
തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്തു മ്യാൻമറിലെത്തിച്ചു ജോലി തട്ടിപ്പു നടത്തിയ കേസിൽ 4 മാസത്തോളമായിട്ടും പ്രതികളെ പിടികൂടാനായില്ല. ആലപ്പുഴ സ്വദേശികളായ രണ്ടുപേരും വർക്കല സ്വദേശിയുമാണു തട്ടിപ്പിനിരയായത്. ഇവർ നവംബറിൽ നാട്ടിലെത്തിയിരുന്നു. എന്നാൽ ഇവരിൽ നിന്ന് അക്കൗണ്ട് വഴി പണം വാങ്ങിയ തമിഴ്നാട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.